
തിരുവനന്തപുരം: ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. 6 മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്പെൻഡ് ചെയ്യാൻ കഴിയുക. എൻ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സർക്കാര്‍ എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറ് മസത്തേക്ക് കൂടി നീട്ടിയത്.
ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത് കേരളത്തിന്‍റെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യവുമായിരുന്നു. എന്നാൽ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിന്റേത് ആദ്യം നാല് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വർഷത്തിലെത്തി നിൽക്കുന്നത്. അതിനിടെ, എന്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് സർക്കാർ അന്വേഷണം നടത്തുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്‍റിംഗ് ഓഫീസര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam