
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതികളായ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജുവും എസ്എഫ്ഐ നേതാവ് വിശാഖും റിമാൻഡിൽ. കോളേജ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വിശാഖിന് വ്യക്തിപരമായ നേട്ടമുണ്ടാക്കാൻ പ്രിൻസിപ്പൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് കോടതിയെ അറിയിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രതികൾ ഇന്ന് കീഴടങ്ങിയത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്ഐ പാനലിൽ കൗൺസിലറായി തെരഞ്ഞെടുത്ത വിദ്യാർത്ഥിനിയെ മാറ്റി മത്സരിക്കാൻ യോഗ്യതയില്ലാതിരുന്ന എ വിശാഖിൻറെ പേര് തിരുകിക്കയറ്റിയാണ് മുൻ പ്രിൻസിപ്പൽ ഷൈജു സർവ്വകലാശാലക്ക് കൈമാറിയത്. സർവ്വകലാശാലയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തിന് പിന്നാലെ കോടതിയെ സമീപിച്ച പ്രതികൾ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വാങ്ങിയിരുന്നു. കേസ് ഡയറി പരിശോധിച്ച ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ ജാമ്യ ഹർജി തള്ളി പ്രതികളോട് കീഴടങ്ങാനവശ്യപ്പെട്ടു. സമയപരിധി തീരുന്ന ഇന്ന് പ്രതികൾ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. മുൻ പ്രിൻസിപ്പൽ ജി ജെഷൈജുവിൻറെ ഒപ്പ് മജിസ്ട്രേറ്റിൻറെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
Also Read: വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരും; മലയോര, തീരപ്രദേശങ്ങളിൽ യാത്രകൾക്ക് വിലക്ക്
ജനാധിപത്യപരമായ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയായ എശ്എഫ്ഐ നേതാവിന് നേട്ടമുണ്ടാക്കാണ മുൻ പ്രിൻസിപ്പൽ വ്യാജ രേഖയുണ്ടാക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾക്കായി തെളിവുകളെല്ലാം പൊലിസിന് നിലവിൽ ലഭിച്ചിട്ടുണ്ട്. പക്ഷെ വ്യാജ രേഖയുണ്ടാക്കിയ എസ്എഫ്ഐ നേതാവിന് വേണ്ടി സഹായം നൽകാൻ സമ്മർദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഷൈജു പൊലീസിനോട് വെളിപ്പെടുത്തിയില്ല. പ്രമാദമായ കേസിൽ തുടക്കം മുതൽ പൊലീസ് അന്വേഷണം ഉഴപ്പുകയായിരുന്നു എന്നാണ് ആക്ഷേപം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...