'നിലമ്പൂരിന് ശേഷം പിണറായി സർക്കാർ വെറും കാവൽ മന്ത്രിസഭ, 9 വർഷം ഭരിച്ചുമുടിച്ചതിനെതിരെ വിധിയെഴുത്തുണ്ടാകും'

Published : Jun 03, 2025, 07:17 PM IST
'നിലമ്പൂരിന് ശേഷം പിണറായി സർക്കാർ വെറും കാവൽ മന്ത്രിസഭ, 9 വർഷം ഭരിച്ചുമുടിച്ചതിനെതിരെ വിധിയെഴുത്തുണ്ടാകും'

Synopsis

കോണ്‍ഗ്രസും ഘടകകക്ഷികളും മത്സരിച്ചുള്ള പ്രവര്‍ത്തനമാണ് നിലമ്പൂരില്‍. തിരൂരങ്ങാടി തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിക്കു ലഭിച്ച ഭൂരിപക്ഷം നോക്കിയാലറിയാം മലപ്പുറം ജനതയുടെ മതേതരത്വം

നിലമ്പൂര്‍: യു ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് കാണുന്നത് എന്നും കേരളം ഒമ്പതു വര്‍ഷം ഭരിച്ചു മുടിച്ച സര്‍ക്കാരിനെ മാറ്റാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. ഇതില്‍ വ്യക്തികള്‍ക്കു സ്ഥാനമില്ല. ഇത് യു ഡി എഫും എൽ ഡി എഫും തമ്മിലുള്ള രാഷ്ട്രീയമത്സരമാണ്. അത് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയും. ഇനി ആരുമായും ചര്‍ച്ചയില്ല. നിലമ്പൂരില ജനങ്ങളുമായി മാത്രമേ ചര്‍ച്ചയുള്ളു. വ്യക്തിപരമായി മറ്റാരെക്കുറിച്ചും പരാമര്‍ശിക്കണ്ട കാര്യവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

തൊഴിലില്ലായ്മ കൊണ്ടു കഷ്ടപ്പെടുന്ന, വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങള്‍ നിലമ്പൂരെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത് ഈ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തടയാന്‍ വേണ്ടതു ചെയ്യണമെന്നാണ്. ഈ തെരഞ്ഞടുപ്പ് കഴിയുന്നതോടു കൂടി പിണറായി സര്‍ക്കാര്‍ ഒരു കാവല്‍ മന്ത്രിസഭ മാത്രമായി തുടരും. ഒരു ഭരണമാറ്റത്തിന്റെ കേളി കൊട്ടാണ് നിലമ്പൂരില്‍ ആരംഭിക്കുന്നത്. ആര്യാടന്‍ മുഹമ്മദ് മന്ത്രിയും എം എല്‍ എയും ആയിരിക്കുമ്പോള്‍ ഉണ്ടാക്കിയ വികസനമല്ലാതെ ഒരു വികസനവും നിലമ്പൂരില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

മലയോര മേഖലയിലെ ജനങ്ങള്‍ ഇത്ര കഷ്ടതയനുഭവിക്കുന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല. എല്ലാ ദിവസവും ഒരാളെയെങ്കിലും ആന ചവിട്ടി കൊല്ലുകയാണ്. ഇതുവരെ വന്യജീവി നിയമം ഭേദഗതി ചെയ്യെണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിട്ടില്ല. എന്നാല്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പെട്ടെന്ന് കാബിനറ്റ് കൂടി കേന്ദ്രത്തെ സമീപിക്കാന്‍ പോകുന്നു. ഇതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. മലപ്പുറത്തുകാരെ വഞ്ചകന്മാര്‍ എന്നാണ് പിണറായി വിളിച്ചത്. മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വര്‍ണക്കടത്തുകാരുടെ ജില്ല എന്ന അപകീര്‍ത്തികരമായ വാര്‍ത്ത ഹിന്ദു ദിനപ്പത്രത്തില്‍ കൊടുത്തു. ജില്ലയിലെ മതേതരവാദികളായ ജനങ്ങളെ വര്‍ഗീയയ വല്‍കരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇതിവിടെ ചിലവാകാന്‍ പോകുന്നില്ല. ഇവിടുത്തെ കുട്ടികള്‍ കോപ്പിയടിച്ചു പരീക്ഷ പാസാകുന്നുവെന്നാണ് പണ്ട് വി എസ് പറഞ്ഞു. ഇത്തരം പരമാര്‍ശങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്നലെ തന്റെ മണ്ഡലത്തിലെ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് തന്നെ തന്നെ മന്ത്രിയെ ക്ഷണിച്ചിരുന്നതാണ്. സ്ഥലം എം എല്‍ എ എന്ന നിലയില്‍ അതില്‍ പങ്കെടുക്കേണ്ടിവന്നതിനാലാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത്. അതിനെ പരമാവധി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തയായി നല്‍കിയത് മോശമായിപോയി എന്നും ചെന്നിത്തല പറഞ്ഞു. ഇനി പരമാവധി ദിനങ്ങള്‍ നിലമ്പൂരില്‍ ഉണ്ടാകും. ഹജ്ജിന് പോയ സാദിഖലി തങ്ങള്‍ കണ്‍വന്‍ഷനില്‍ നിന്ന് വിട്ടു നിന്നു എന്നുവരെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയെന്നും ചെന്നിത്തല വിമർശിച്ചു.

കോണ്‍ഗ്രസും ഘടകകക്ഷികളും മത്സരിച്ചുള്ള പ്രവര്‍ത്തനമാണ് നിലമ്പൂരില്‍. തിരൂരങ്ങാടി തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിക്കു ലഭിച്ച ഭൂരിപക്ഷം നോക്കിയാലറിയാം മലപ്പുറം ജനതയുടെ മതേതരത്വം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗ്. ലീഗിന്റെ ചരിത്രം അങ്ങനയാണ്. അന്ന് ആന്റണിയെ ജയിപ്പിക്കാന്‍ പാണക്കാട് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ലീഗ് കാഴ്ചവെക്കുന്നത്. നിലമ്പൂരിലെ മത്സരഫലത്തില്‍ അശേഷം സംശയമില്ല. ഒമ്പതു വര്‍ഷത്തെ ദുഷിച്ചു നാറിയ ഭരണത്തിനെതിരെ വിധിയെഴുതാനുള്ള ചരിത്രദൗത്യമാണ് നിലമ്പൂരിലെ ജനങ്ങള്‍ക്ക്. അവരത് നിറവേറ്റുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ ആലപ്പുഴയിൽ പോകുന്നുണ്ടോ? സൂക്ഷിച്ചാൽ ബുദ്ധിമുട്ടില്ല; ജില്ലയിലെമ്പാടും ഭക്ഷണശാലകൾ അടച്ചിടും
അട്ടിമറികളും മറുകണ്ടം ചാടലും കഴിഞ്ഞു; പഞ്ചായത്തുകളിലെ ഭരണ ചിത്രം തെളിഞ്ഞു; യുഡിഎഫ് 534, എൽഡിഎഫ് 364, എൻഡിഎ 30