സച്ചാര്‍, പലോളി കമ്മിറ്റികളുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതല്ല സര്‍ക്കാര്‍ തീരുമാനം: കേരള മുസ്ലിം ജമാഅത്ത്

By Web TeamFirst Published Jul 16, 2021, 1:02 AM IST
Highlights

'മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് സവിശേഷമായി ഏര്‍പ്പെടുത്തണമെന്ന് രണ്ട് സമിതികളും നിര്‍ദേശിച്ച ശുപാര്‍ശ മുസ്ലീങ്ങള്‍ക്ക് മാത്രമായി നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിലെ പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായം കൂടുതല്‍ പിന്നാക്കം തള്ളപ്പെടും'.
 

കോഴിക്കോട്: മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സച്ചാര്‍, പലോളി കമ്മിറ്റികളുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതല്ല സര്‍ക്കാര്‍ തീരുമാനമെന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. പാലോളി കമ്മിറ്റിയുടെ നടപ്പാക്കുകയെന്നാല്‍ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശം നടപ്പാക്കുക എന്നാണര്‍ത്ഥം. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നത് സമിതിയുടെ നിര്‍ദേശങ്ങളില്‍ ഒന്നുമാത്രമാണെന്നും ഇവര്‍ വ്യക്തമാക്കി.

 ഈ രണ്ട് കമ്മിറ്റികള്‍ ന്യൂനപക്ഷങ്ങളുടെയല്ല, മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചാണ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനര്‍ത്ഥം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കേണ്ടന്നല്ല. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് സവിശേഷമായി ഏര്‍പ്പെടുത്തണമെന്ന് രണ്ട് സമിതികളും നിര്‍ദേശിച്ച ശുപാര്‍ശ മുസ്ലീങ്ങള്‍ക്ക് മാത്രമായി നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിലെ പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായം കൂടുതല്‍ പിന്നാക്കം തള്ളപ്പെടും. ഇക്കാര്യത്തില്‍ മുസ്ലിം സമുദായത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

പ്രസിഡന്റ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സിപി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട്, എ സെയ്ഫുദ്ദീന്‍ ഹാജി, പ്രൊഫസര്‍ യുസി മജീദ് എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!