
തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര് വാർത്തകൾക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ദിവ്യ എസ് അയ്യർ. പോരും മത്സരവും ഇല്ലെന്നും മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന പഴിയെ ഇതുവരെ കേട്ടിട്ടുള്ളൂ, ഒരാളോടും പോരും മത്സരവും ചേരിതിരിവും ഉണ്ടായിട്ടില്ല. വ്യക്തമായ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്. പ്രചാരണങ്ങൾ ഭാവന വിരാജിതമാണ്. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പോസ്റ്റില്‍ വ്യക്തമാക്കി. തദ്ദേശ വകുപ്പിലെ മാലിന്യ മുക്ത കേരളം പരിപാടിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പോര് രൂക്ഷമാണെന്നും മാലിന്യനിർമാർജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു. നിർമ്മലം പദ്ധതിക്ക് പുറമെ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതി ആരംഭിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലെ തർക്കമാണ് രണ്ട് പദ്ധതികൾക്ക് കാരണമെന്നുമായിരുന്നു പുറത്തുവന്ന വാർത്ത.
ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ് അയ്യർ മന്ത്രിയെ കണ്ടു പരാതി അറിയിച്ചിരുന്നു. പിന്നാലെയാണ് ഐസി 100 എന്ന പദ്ധതി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ടു പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നത്. ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമയ്ക്ക് റോൾ ഇല്ലെന്നും ആക്ഷേപമുയർന്നു. വാര്‍ത്ത പുറത്ത് വന്നതോടെ എന്നാൽ രണ്ടും വ്യത്യസ്ത പരിപാടികളാണെന്നാണ് തദ്ദേശവകുപ്പിന്‍റെ വിശദീകരണം. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രിയാണ് നിർമ്മലം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാറിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പൊതുജനപങ്കാളിത്തതോടെയുള്ള ക്യാമ്പയിൻ എന്നാണ് വിശേഷിപ്പിച്ചത്. 2031 വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് ലക്ഷ്യം. നിർമ്മലം പുതുയുഗ ശുചിത്ര കേരളം പദ്ധതിയുടെ ഉത്തരവിറക്കിയത് തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമയായിരുന്നു.
കഴിഞ്ഞ മാസം 30നായിരുന്നു ഉത്തരവിറക്കിയത്. തദ്ദേശ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ ചുമതലകളെ കുറിച്ച് ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. ഇതി തനിക്ക് കാര്യമായി റോളില്ലെന്ന പരാതി തദ്ദേശ വകുപ്പ് പ്രിൻസിപ്പിൽ ഡയറക്ടർ ദിവ്യ എസ് അയ്യർക്കുണ്ടെന്നാണ് വിവരം. സംസ്ഥാന ഏകോപനസമിതിയിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറകടര്‍ അംഗം മാത്രമാണ്. ഡയറക്ടർ മന്ത്രിയെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. പിന്നാലെ ഐസി 100 ചലഞ്ച് എന്ന പേരിൽ പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. ഉത്തരവ് ഇറക്കിയത് നിർമ്മലത്തിന്‍റെ ഉദ്ഘാടനം നടന്ന ഒക്ടോബർ രണ്ടിനായിരുന്നു.
ചലഞ്ചിലും പറയുന്നത് പൊതുജന പങ്കാളിത്തത്തോടെയുള്ള ജനകീയ ക്യാമ്പയിൻ എന്നാണ്. രണ്ട് പദ്ധതിയുടെയുടെ ഉത്തരവുകളിൽ ഉള്ളത് സമാന പ്രചാരണപരിപാടികണെന്നതും കൗതുകം. രണ്ട് ഉത്തരവുകൾ വിവാദമായതോടെ തർക്കങ്ങളില്ലെന്ന് പറഞ്ഞ് തദ്ദേശ വകുപ്പ് കൈയൊഴിഞ്ഞു. നിർമ്മലം അഞ്ച് വർഷത്തേക്കുള്ള വിപുലമായ പദ്ധതിയാണെന്നും ഐസി ചലഞ്ച് 100 ദിവസത്തേക്ക് വാർഡുകളിലേക്കുള്ള പദ്ധതിയാണെന്നുമാണ് വിശദീകരണം. നിർമ്മലത്തിൻറെ ഭാഗമാണ് ഐസി ചലഞ്ചെന്നുമാണ് വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam