
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ്കലാശക്കൊട്ടോടെ വൈകിട്ട് ആറിന് സമാപിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ സജീവമായിരുന്നു. ഏഴു ജില്ലകളിലെയും കലാശക്കൊട്ടോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. രാഷ്‌ട്രീയാവേശം അതിന്‍റെ കൊടുമുടിയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പാണ് ഏഴു ജില്ലകളിലും ഇന്ന് നടന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചത്. നാളെ ഒരു ദിവസം ഈ ജില്ലകളിൽ നിശബ്ദ പ്രചാരണം നടക്കും. മറ്റന്നാളാണ് വിധിയെഴുത്ത്.
ഇടുക്കി കട്ടപ്പന വെട്ടിക്കുഴകവലയിൽ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി. യു ഡി എഫ് റിബൽ സ്ഥാനാർത്ഥിയുടെ പ്രവർത്തകർക്ക് മർദനമേറ്റു. മർദിച്ചത് ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പ്രവർത്തകരെന്നാണ് ആരോപണം. തിരുവനന്തപുരം പോത്തൻകോട് കലാശക്കൊട്ടിനിടയിൽ സിപിഎം- കോൺഗ്രസ് സംഘർഷമുണ്ടായി. പോത്തൻകോട് കലാശക്കൊട്ടിനിടയിൽ വാഹനത്തിന് മുകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകൻ മറിഞ്ഞു വീണ് പരിക്കേറ്റു.തിരുവനന്തപുരം ജഗതിയിൽ ഇടത് സ്ഥാനാര്‍ഥി പൂജപ്പുര രാധാകൃഷ്ണന്‍റെ കലാശക്കൊട്ടിന് മന്ത്രി ഗണേഷ്കുമാര്‍ നേതൃത്വം നൽകി. നിരവധി ബൈക്ക് യാത്രികരുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. കന്നിയങ്കത്തിൽ തന്നെ പൂജപ്പുര രാധാകൃഷ്ണന്‍ കടന്നുകയറുമെന്ന് ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആലപ്പുഴയിൽ വാർഡ് തലത്തിൽ ആണ് കൊട്ടിക്കലാശം നടന്നത്.
പരസ്യപ്രചരണത്തിന്‍റെ അവസാന മിനുട്ടുകളിൽ കൊട്ടിക്കലാശം ശക്തി പ്രകടനമാക്കുകയായിരുന്നു മുന്നണികള്‍. എറണാകുളം കളമശേരി നഗരസഭ പരിധിയിലെ കങ്ങരപ്പടിയിൽ മന്ത്രി പി രാജീവ് എൽഡിഎഫിന്‍റെ കലാശക്കൊട്ടിൽ പങ്കെടുത്തു. പരസ്യപ്രചരണത്തിന്‍റെ അവസാന ദിനം റോഡ് ഷോ നടത്തിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ജയ്സൺ ജോസഫ് വോട്ടർമാരെ കണ്ടത്. തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയും ബൈക്കുകളും അണിനിരത്തിയായിരുന്നു റോഡ് ഷോ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണ് അതിരമ്പുഴ. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ടൗണിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കലാശക്കൊട്ടിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പങ്കെടുക്കുത്തു .ഇടുക്കി വണ്ടിപ്പെരിയാറിലും മറ്റു ജില്ലകളിലെ ആസ്ഥാനങ്ങളിലും റോഡ് ഷോകളുമായി മുന്നണികള്‍ കലാശക്കൊട്ട് ആഘോഷമാക്കി.
തൃശ്ശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിൽ ഇന്ന് തൃശ്ശൂരിൽ നടക്കേണ്ട സെമി ഫൈനൽ മത്സരം മാറ്റിവച്ചു. പൊലീസ് നിർദേശത്തെ തുടർന്നാണ് തീരുമാനം.തദ്ദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടിയും ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഡിസംബര്‍ പത്തിനുള്ള കാലിക്കറ്റ് എഫ്സസിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള മത്സരവും മാറ്റിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
ഇതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാൽവഴുതി വീണ് സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കോർപ്പറേഷനിലെ 32 ആം ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി സുബിജയ്ക്കാണ് പരിക്കേറ്റത്. ഗൃഹസമ്പരക്കത്തിനനിടെ കാൽവഴുതി തലയടിച്ച് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ സുബിജയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.