Latest Videos

'തപാൽ വോട്ടിൽ ആശങ്ക വേണ്ട, ബാലറ്റ് തപാലിൽ അയക്കാം, 16 ന് രാവിലെ വരെയുള്ളത് പരിഗണിക്കും': തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Dec 6, 2020, 9:15 AM IST
Highlights

കളക്ടറുടെ അപേക്ഷ കൂടി കണക്കിലെടുത്താണ് ഇത്. ഉദ്യോഗസ്ഥർ ബാലറ്റുകൾ വീടുകളിലെത്തിച്ച ശേഷം വോട്ട് രേഖപ്പെടുത്തി പിന്നീട് തപാലിൽ അയച്ചാൽ മതിയെന്ന് നിർദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കുമെങ്കിലും കൊവിഡ് രോഗികളുടെയും ക്വാറന്റീനിൽ കഴിയുന്നവരുടേയും തപാൽ വോട്ടിൽ ആശയക്കുഴപ്പം തുടരുകയാണ്. ഏകദേശം അമ്പതിനായരത്തോളം പേർ ഇത്തരത്തിൽ തപാൽ വോട്ടിന് കാത്തിരിക്കുന്നുണ്ടെങ്കിലും പതിനായിരത്തോളം പേരുടെ വോട്ട് മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗസ്ഥർക്ക് വീട്ടിലെത്തി ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

ഏതെങ്കിലും കാരണവശാൽ ഉദ്യോഗസ്ഥർക്ക് വീടുകളിലേക്കോ ആശുപത്രിയിലേക്കോ എത്താൻ കഴിഞ്ഞില്ലെങ്കിൽ വോട്ട് ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തപാലിൽ അയയ്ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്ക്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്ന് ബാലറ്റ് പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാലിൽ അയക്കാം. വോട്ട് പാഴാകുമെന്ന ആശങ്ക വേണ്ട. വോട്ടെണ്ണൽ ദിനമായ 16 ന് രാവിലെ 8 വരെ എത്തുന്ന തപാൽ വോട്ടുകൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബദൽ മാർഗം എന്ന കളക്ടറുടെ അപേക്ഷ കൂടി കണക്കിലെടുത്താണ് ഉദ്യോഗസ്ഥർ ബാലറ്റുകൾ വീടുകളിലെത്തിച്ച ശേഷം വോട്ട് രേഖപ്പെടുത്തി പിന്നീട് തപാലിൽ അയച്ചാൽ മതിയെന്ന് നിർദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!