'മിയാവാക്കി' കരാർ ടൂറിസം വകുപ്പുമായി അടുത്ത ബന്ധമുളള കമ്പനിക്ക്, കൂടുതൽ കളളക്കളികൾ

By Web TeamFirst Published Dec 6, 2020, 8:30 AM IST
Highlights

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ മിയാവാക്കി മാതൃകയിൽ ചെടികൾ വച്ചുപിടിക്കാൻ 3 കന്പനികളുടെ കൺസോർഷ്യത്തെയാണ് ടൂറിസം വകുപ്പ് ഏൽപിച്ചത്. കൾച്ചർ ഷോപ്പി, ഇൻവിസ് മൾട്ടിമീഡിയ, നേച്ചർ ഗ്രീൻ ഗാർ‍ഡിയൻ എന്നിവർ ചേർന്ന കൺസോർഷ്യത്തിൻറെ പേര് കൾച്ചർ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്.

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിക്കായി കരാർ നൽകിയത് ടൂറിസം വകുപ്പുമായി അടുത്ത ബന്ധമുളള കന്പനികളുടെ കൺസോർഷ്യത്തിന്. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് രൂപകൽപന ചെയ്ത ഇൻവിസ് മൾട്ടിമീഡിയ അടക്കമുളള മൂന്ന് കന്പനികളാണ് പദ്ധതിയുടെ നടത്തിപ്പുകാർ.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ മിയാവാക്കി മാതൃകയിൽ ചെടികൾ വച്ചുപിടിക്കാൻ 3 കന്പനികളുടെ കൺസോർഷ്യത്തെയാണ് ടൂറിസം വകുപ്പ് ഏൽപിച്ചത്. കൾച്ചർ ഷോപ്പി, ഇൻവിസ് മൾട്ടിമീഡിയ, നേച്ചർ ഗ്രീൻ ഗാർ‍ഡിയൻ എന്നിവർ ചേർന്ന കൺസോർഷ്യത്തിൻറെ പേര് കൾച്ചർ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്. ഇതിൽ ഇൻവിസ് മൾട്ടിമീഡിയക്ക് ടൂറിസം വകുപ്പുമായി എന്താണ് ബന്ധമെന്ന് ടൂറിസം മന്ത്രി തന്നെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. 

ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ്, ഓൺലൈൻ പ്രചാരണം എന്നിവയുടെ ചുക്കാൻ പിടിക്കുന്നത് ഇൻവിസ് മൾട്ടിമീഡിയ ആണ്. ഇൻവിസ് മൾട്ടിമീഡിയയുടെ വെബ്സൈറ്റിൽ അവരുടെ ഏറ്റവും പ്രധാന ഉപഭോക്താക്കൾ എന്ന പട്ടികയിൽ ആദ്യം നൽകിയ പേരും ടൂറിസം വകുപ്പിന്റേത് തന്നെ. കേരളീയ കരകൗശല വസ്തുക്കളുടെ ഓൺലൈൻ സ്റ്റോറായ കൾച്ചർ ഷോപ്പി കേരള ടൂറിസത്തിന്റെ സുവനീറുകൾ പ്രചരിപ്പിക്കുന്ന ഔദ്യോഗിക ഏജൻസിയാണെന്ന് വെബ്സൈറ്റിൽ പറയുന്നു. ഈ കന്പനികൾക്ക് പരിസ്ഥിതിയുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തം. തിരുവനന്തപുരം കവടിയാറിലെ ഇൻവിസിന്റെ ഓഫീസിനോട് ചേർന്ന് തന്നെയാണ് കൾച്ചർ ഷോപ്പിയുടേയും ഓഫീസ്.

ഇനി നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ എന്ന പരിസ്ഥിതി സംഘടനയെ കുറിച്ച് നോക്കാം. വെബ് സൈറ്റിലെ വിലാസം നോക്കി സംഘടനയുടെ ഓഫീസ് തേടി പോയ ഞങ്ങളെത്തിയത് ഒരു വീട്ടിലാണ്. സംഘടനയുടെ ഡയറക്ടറും ഫോട്ടോഗ്രാഫറുമായ ഹരി പ്രഭാകരന്റെ വീട്ടുവിലാസമാണ് സംഘടനയ്ക്ക് നൽകിയിരിക്കുന്നത്. ഒരു പരിസ്ഥതി സംഘടന തട്ടിക്കൂട്ടിയുണ്ടാക്കി അതിന്റെ പേരിലാണ് കനകക്കുന്നിൽ ആദ്യം പദ്ധതി നടപ്പാക്കിയത്. തുടർന്ന് ആ അനുഭവ പരിചയം ചൂണ്ടിക്കാട്ടി കേരളത്തിൽ മൊത്തം പദ്ധതി നടത്താൻ കരാർ സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ വിജയിച്ച മാതൃകകൾ കണക്കിലെടുത്താണ് ടൂറിസം വകുപ്പ് പരിഗണിച്ചതെന്ന് കമ്പനി അധികൃതർ പറയുന്നു. കനകക്കുന്നിന് പിന്നാലെ സംസ്ഥാനത്തെ 22 സ്ഥലങ്ങളിൽ കൂടി മിയാവാക്കി പദ്ധതി നടത്തിപ്പിനുള്ള ചുമതല അടുത്തിടെയാണ് കൾച്ചർ ഷോപ്പിക്ക് നൽകിയത്. കൾച്ചർ ഷോപ്പിക്ക് തന്നെ കരാർ കിട്ടുന്ന രീതിയിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ചായിരുന്നു കളളക്കളി. 

click me!