തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ചിറകരിഞ്ഞതാര് ?

By Web TeamFirst Published Dec 16, 2020, 4:00 PM IST
Highlights

വയല്‍ക്കിളി സമരം ദേശീയ ശ്രദ്ധനേടിയെങ്കിലും കീഴാറ്റൂര്‍ വാര്‍ഡില്‍ വിജയിക്കാന്‍ വയല്‍ക്കിളികള്‍ക്ക് കഴിഞ്ഞില്ല.  

തളിപ്പറമ്പ്: കൃഷിയോഗ്യമായ വയല്‍ നികത്തി ദേശീയപാതയ്ക്കായി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരില്‍ സമരം നടത്തിയ വയല്‍ക്കിളികള്‍ക്ക് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പരാജയം. കീഴാറ്റൂരില്‍ വയല്‍ക്കിളിക്ക് വേണ്ടി സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ പി. ലതാ സുരേഷ് ആയിരുന്നു മത്സരിച്ചത്. വയല്‍ക്കിളി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിക്ക് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. വയല്‍ക്കിളി സമരം ദേശീയ ശ്രദ്ധനേടിയെങ്കിലും കീഴാറ്റൂര്‍ വാര്‍ഡില്‍ വിജയിക്കാന്‍ വയല്‍ക്കിളികള്‍ക്ക് കഴിഞ്ഞില്ല.  

എന്തുകൊണ്ട് വയല്‍ക്കിളികള്‍ പരാജയപ്പെട്ടു ? 

തളിപ്പറമ്പിലെ പാര്‍ട്ടി ഗ്രാമമാണ് കീഴാറ്റൂര്‍. കാലങ്ങളായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുന്ന വാര്‍ഡ്. കഴിഞ്ഞ തവണ 450 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥി കീഴാറ്റൂരില്‍ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം നിലനിര്‍ത്താന്‍ സിപിഎം സ്ഥാനാര്‍ത്ഥി പി വത്സലയ്ക്ക് കഴിഞ്ഞു. മറ്റ് സീറ്റിങ്ങ് സീറ്റില്‍ പരാജയപ്പെടുന്നതിനേക്കാള്‍ വലിയ തോല്‍വിയാകും കീഴാറ്റൂരിലെ പരാജയമെന്ന തിരിച്ചറിവില്‍ നിന്ന് ശക്തമായ പ്രചാരണം തന്നെ സിപിഎം കീഴാറ്റൂരില്‍ ഈ തെരഞ്ഞെടുപ്പില്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ സിപിഎം കേന്ദ്രകമ്മറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്ററും തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും കീഴാറ്റൂരില്‍ വന്ന് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 

കൊവിഡ് വ്യാപന കാലമായതിനാല്‍ പ്രചാരണങ്ങള്‍ക്ക് സമയ പരിധി നിശ്ചയിച്ചിട്ടും പലപ്പോഴും രാത്രിയോളും നീളുന്ന സിപിഎമ്മിന്‍റെ പ്രചാരണത്തിനെതിരെ സുരേഷ് കീഴാറ്റൂര്‍ തന്നെ പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. ശക്തമായ പ്രചാരണത്തോടൊപ്പം ബിജെപി പിന്തുണ വയല്‍ക്കിളികള്‍ക്ക് ലഭിക്കുന്നുണെന്ന സിപിഎം വാദത്തിനും ഏറെ പ്രചാരം കിട്ടി. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കടന്നുവന്ന ബിജെപി കേന്ദ്ര നേതൃത്വം തന്നെ പിന്നീട് ബൈപാസിന് പച്ചകൊടി കാണിച്ചതും വയല്‍ക്കിളികള്‍ക്ക് തിരിച്ചടിയായി. 

തത്വത്തില്‍ ബിജെപിയുടെ കടന്ന് വരവും പിന്തുണയും വയല്‍ക്കിളികള്‍ സിപിഎമ്മിനെതിരാണെന്ന തെറ്റിദ്ധാരണയിലേക്ക് ജനങ്ങളെ കൊണ്ടെത്തിച്ചു. പാരിസ്ഥിതിക പ്രശ്നമുയര്‍ത്തിയാണ് വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം ആരംഭിച്ചതെങ്കിലും പിന്നീട് സിപിഎം വിരുദ്ധതയില്‍ ഉറച്ച് പോയതും പാരിസ്ഥിതിക പ്രശ്നത്തില്‍ കൃത്യമായൊരു മുന്നേറ്റം നടത്താന്‍ കഴിയാതിരുന്നതും പ്രദേശിക പിന്തുണ ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ടതും വയല്‍ക്കിളികള്‍ക്ക് തിരിച്ചടിയായി. 

ഈ തോല്‍വി ഞങ്ങളുടെ വിജയമെന്ന് സുരേഷ് കീഴാറ്റൂര്‍

2015 ല്‍ തളിപ്പറമ്പ് നഗരസഭയില്‍ 22 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ 11 സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ ബിജെപിക്കുമായിരുന്നു ജയം. ഇത്തവണ 19 സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. 12 സീറ്റില്‍ എല്‍ഡിഎഫും 3 സീറ്റില്‍ ബിജെപിയും വിജയിച്ചു. തളിപ്പറമ്പില്‍ കടുത്ത മത്സരം നടന്ന കീഴാറ്റൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ടിനാണ് സിപിഎം വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയായ പി വത്സല 376 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ പി ലതയ്ക്ക് 242 വോട്ടാണ് നേടാനായത്. എങ്കിലും ഈ പരാജയം വിജയം തന്നെയെന്ന് പറയുകയാണ് കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂര്‍.  

തെരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണ്. ഞങ്ങളുന്നയിച്ച പരിസ്ഥിതി പ്രശ്നത്തിനുള്ള പിന്തുണ കീഴാറ്റൂര്‍ തന്നെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ സിപിഎം നേടിയ 420 ന്‍റെ വിജയത്തില്‍ നിന്ന് ഇത്തവണ 134 ലേക്ക് വിജയം ചുരുങ്ങുമ്പോള്‍ എത്രപേര്‍ കൊഴിഞ്ഞുപോയെന്ന് ആലോചിക്കേണ്ടതുണ്ട്. അവിടെയാണ് ഞങ്ങളുടെ വിജയമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 

കീഴാറ്റൂര്‍ ഒരു പാര്‍ട്ടി ഗ്രാമമാണ്. പാര്‍ട്ടി ഗ്രാമമെന്നാല്‍ അവിടെ മറ്റ് പാര്‍ട്ടികള്‍ക്ക് വളരാന്‍ ഒരു തരി മണ്ണ് പോലും കിട്ടില്ല.അവിടെയാണ് ഭൂരിപക്ഷത്തില്‍ ഇത്രയും വലിയ ഇടിവ് സിപിഎം നേരിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. കീഴാറ്റൂരിന്‍റെ തൊട്ടടുത്ത കോണ്‍ഗ്രസ് വാര്‍ഡായിരുന്ന മാതാംകുണ്ട് വാര്‍ഡില്‍ എല്‍ഡിഎഫ് 658 വോട്ട് നേടി 450 വോട്ടിന് വിജയിക്കുമ്പോള്‍ കീഴാറ്റൂരില്‍ അത് 134 വോട്ടായി കുറയുന്നു. എന്തുകൊണ്ടാണ് പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ സിപിഎമ്മിന് വോട്ട് കുറഞ്ഞതെന്ന് സിപിഎം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. 
 

click me!