
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി തീർന്നപ്പോൾ വിമത ശല്യത്തിൽ വലഞ്ഞ് മുന്നണികൾ. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിൽ വിമതരുണ്ട്. കൊച്ചി കോർപ്പറേഷനിൽ പത്തിലേറെ വാർഡിൽ യുഡിഎഫിന് വിമത ഭീഷണിയുണ്ട്. തൃശൂരിൽ കോൺഗ്രസിനും സിപിഎമ്മിനും സിപിഐക്കും വിമതരുണ്ട്. വയനാട്ടിലെ തോമാട്ടുചാൽ ഡിവിഷനിൽ വിമതനായി നിന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ പിൻവാങ്ങി. മത്സരചിത്രം തെളിഞ്ഞപ്പോൾ പതിവ് പോലെ മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളുടെ ഉറക്കം കെടുത്തി വിമതർ പലയിടത്തുമുണ്ട്. ശക്തമായ ത്രികോണപ്പോരുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഉള്ളൂർ, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാർഡുകളിലെ ഇടത് വിമതർ ഒട്ടും പിന്നോട്ടില്ല. വാഴോട്ടുകോണത്തെ സിപിഎം വിമതൻ കെവി മോഹനനെ പാർട്ടി പുറത്താക്കി. കണ്ണൂര്‍ ചെറുകുന്ന് പഞ്ചായത്തിലെ വിമത സ്ഥാനാര്‍ത്ഥി കുന്നനങ്ങാട് സെന്‍റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയും സിപിഎം പുറത്താക്കി. മറ്റുള്ളവരെ നേരത്തെ പുറത്താക്കിയിരുന്നു. പൗണ്ട് കടവിലും ഉള്ളൂരിലും കഴക്കൂട്ടത്തും പുഞ്ചക്കരിയിലും വിഴിഞ്ഞത്തുമാണ് യുഡിഎഫിന് വിമതശല്യം. വിഴിഞ്ഞത്ത് രണ്ട് വിമതരിൽ ഒരാൾ പിന്മാറിയെങ്കിലും യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ പത്രിക പിൻവലിക്കാതെ മത്സര രംഗത്ത് തുടരുകയാണ്.
കൊച്ചിയിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർ അടക്കം പത്ത് പേർ യുഡിഎഫിന് ഭീഷണിയായി മത്സരരംഗത്തുണ്ട്. വയനാട്ടിൽ ഔദ്യോഗിക സ്ഥാനാർത്ഥി ശക്തമായ ഭീഷണി ഉയർത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചു. മലപ്പുറം പള്ളിക്കൽ പഞ്ചായത്തിലെ കൂട്ടാലങ്ങുൽ വാർഡിൽ യുഡിഎഫിനായി ഒമ്പതുപേരാണ് പത്രിക നൽകിയത്. ഒടുവിൽ അത് രണ്ടാക്കാനായത് മാത്രമാണ് കോൺഗ്രസിന് ചെറിയ ആശ്വാസം നൽകുന്നത്. ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ആലപ്പുഴ നഗരസഭയിൽ കളപ്പുരവാർഡിലെ രാജു താന്നിക്കൽ വിമതവേഷമണിഞ്ഞത്. അതേ സമയം, അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി എആർ കണ്ണൻ സ്ഥാനാർത്ഥിയാകും. നോമിനേഷൻ കൊടുത്ത ലീഗ് സ്ഥാനാർത്ഥി അൽത്താഫ് സുബൈർ പിൻവലിച്ചു. വിമതർ ഇനിയും പിൻവാങ്ങിയില്ലെങ്കിൽ പുറത്താക്കുമെന്നാണ് കോൺഗ്രസ് ഭീഷണി.
കൊല്ലം കോർപ്പറേഷൻ കുരീപ്പുഴ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരെ കോൺഗ്രസ് വിമതൻ രംഗത്ത്. ഫോർവേഡ് ബ്ലോക്കിനാണ് ഡിവിഷൻ നൽകിയതിൽ പ്രതിഷേധിച്ചാണ് എസ്.ഷാനവാസ് കോൺഗ്രസ് വിമതനായി മത്സരിക്കുന്നത്. അതേസമയം ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷനിൽ കോൺഗ്രസ് വിമതൻ പത്രിക പിൻവലിച്ചു. മുസ്ലീം ലീഗിലെ അഞ്ചൽ ബദറുദ്ദീൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഇളമ്പള്ളൂർ പഞ്ചായത്ത് പെരുമ്പുഴ വാർഡിൽ എൽഡിഎഫ് വിമതൻ പിൻമാറി. സിപിഎം കുണ്ടറ ഏരിയ കമ്മിറ്റി അംഗം സോമൻ പിള്ളയാണ് പത്രിക പിൻവലിച്ചത്.
കോട്ടയം നഗരസഭയിൽ നിലവിലെ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ ഗാന്ധിനഗർ വാർഡിൽ കോൺഗ്രസ് വിമതൻ. പാലാ നഗരസഭ പത്തൊൻപതാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് ചെള്ളാനിക്കെതിരെ നിലവിലെ വാർഡ് കൗൺസിലർ മായ രാഹുൽ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.ഏറ്റുമാനൂർ നഗരസഭ മുപ്പതാം വാർഡിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശിനെതിരെ സിപിഎം വിമതനായി വി പി ബിനീഷ് മത്സരിക്കും. മുണ്ടക്കയം പഞ്ചായത്തിലെ ഇഞ്ചിയാനി വാർഡിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിമതനായി മത്സരിക്കുന്നു. ആർപ്പൂക്കര പഞ്ചായത്തിലെ 12 ആം വാർഡിലും യുഡിഎഫിന് വിമതനുണ്ട്. വാഴൂർ പഞ്ചായത്തിൽ പത്താം വാർഡിൽ മുസ്ലീം ലീഗിനെതിരെ കോൺഗ്രസ് വിമതൻ മത്സരിക്കും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരായ വിവിധ ഹര്‍ജികളിൽ ഹൈക്കോടതി ഇടപെട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്തുള്ള ആറ് ഹർജികൾ ഹൈക്കോടതി തള്ളി. റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയ്ക്കേ ഇനി നിയസാധുതയുള്ളുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വിവിധ കാരണങ്ങളാൽ നാമനിർദേശ പത്രിക തള്ളിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.പലയിടത്തും ഡമ്മികൾ ഇല്ലാത്തതിനാൽ മുന്നണികൾക്ക് മൽസരിക്കാൻ സ്ഥാനാർത്ഥികളില്ലാത്ത അവസ്ഥ വന്നിരുന്നു.ഇതോടെയാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുളള ആറ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജടക്കം നൽകിയ ഏതാനം ഹർജികൾ ഹൈക്കോടതിയുടെ ഇതേ ബെഞ്ച് നാളെ പരിഗണിക്കുന്നുണ്ട്.