
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്ഥാനാർത്ഥികൾക്ക് തിരിച്ചടി. ആറ് സ്ഥാനാർത്ഥികൾ കോടതിയിൽ സമർപ്പിച്ച ആറ് ഹർജികളും കോടതി തള്ളി. നിയമസമാധുതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആറ് റിട്ട് ഹർജികളും ഹൈക്കോടതി തള്ളിയത്. ഇനി തെരഞ്ഞെടുപ്പ് ഹർജിക്കേ നിയമസാധുതയുള്ളൂവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി.
വിവിധ കാരണങ്ങളാൽ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് ആറ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾക്കും മത്സരിക്കാൻ അവസരം നൽകണമെന്നായിരുന്നു റിട്ട് ഹർജികളിലെ ആവശ്യം. പലയിടത്തും ഡമ്മി സ്ഥാനാർത്ഥികളില്ലാത്തതിനാൽ മുന്നണി സ്ഥാനാർത്ഥികൾ ഇല്ലാതെ പോയിരുന്നു. ഈ സീറ്റുകളിലെ തള്ളിയ പത്രികകൾ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയതിനാൽ ഈ ആറ് പേർക്കും ഇനി മത്സരിക്കാനാവില്ല.
അതേസമയം എറണാകുളം കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജ് അടക്കം സമർപ്പിച്ച ഏതാനും ഹർജികൾ നാളെ ഇതേ ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വരുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സര ചിത്രം ഏറെക്കുറെ തെളിഞ്ഞു. എല്ലാ മുന്നണികൾക്കും സംസ്ഥാനത്തെമ്പാടും വിമത ഭീഷണിയുണ്ടെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണത്തെ പ്രത്യേകത. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിൽ വിമത ശല്യമുണ്ട്. കൊച്ചി കോർപറേഷനിൽ പത്തോളം വാർഡിൽ യുഡിഎഫ് വിമത വെല്ലുവിളി നേരിടുന്നുണ്ട്. തൃശ്ശൂരിൽ കോൺഗ്രസ് - സിപിഎം - സിപിഐ സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam