
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വൈഷ്ണ സുരേഷ് സപ്ലിമെന്‍ററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ഇന്നലെ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
അതേസമയം തൃശ്ശൂരിലെ കൂട്ടരാജിയും മലപ്പുറത്ത് യു.ഡി.എഫിലെ ഭിന്നതയും നേതൃത്വത്തിന് മുന്നിലെ പ്രശ്നങ്ങളാണ്. തൃശൂരിലെ കൂട്ടരാജിയിലും കോണ്‍ഗ്രസ് ഇടപെടുമെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും പറഞ്ഞ കെ.മുരളീധരൻ പരാതികൾ പരിഹരിച്ച് രാജിവെച്ചവരെ തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നാൽ നാല് പേരുടെ രാജി മുന്നണിയിലെ പൊട്ടിത്തെറിയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു തൃശ്ശൂർ ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
മലപ്പുറത്ത് ചീക്കോട് പഞ്ചായത്തിലെ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ഭിന്നതയെ തുടർന്ന് പിരിച്ചുവിട്ടു. പതിനെട്ടാം വാർഡ് കോൺഗ്രസിന് മത്സരിക്കാൻ നൽകിയതിലാണ് പ്രതിഷേധിച്ചാണ് നടപടി. വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനും രാജിവച്ചവർ തീരുമാനിച്ചു. മുസ്ലീം ലീഗിനെതിരെ മലപ്പുറം പൊൻമുണ്ടത്തെ കോൺഗ്രസ് പദയാത്ര നടത്തിയതിലും ലീഗിന് അമർഷമുണ്ട്. കോൺഗ്രസ് നേതൃത്വത്തിൻ്റെ പൂർണ സമ്മതതോടെയാണ് പദയാത്ര നടത്തിയതെന്നാണ് ലീഗിന്‍റെ ആരോപണം.
വയനാട്ടിൽ എൽഡിഎഫിനെതിരെ പ്രചാരണവുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ രംഗത്തെത്തി. നിക്ഷേപ തട്ടിപ്പ് നടത്തിയ ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് വീടിന് മുന്നിൽ ബോർഡ് അടക്കം സ്ഥാപിച്ചാണ് പ്രചരണം. വിഷയം എൽഡിഎഫിനെതിരെ തിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാകുമോയെന്നാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം അലോചിക്കുന്നത്.