തെരഞ്ഞെടുപ്പുകള്‍ വിഷയം; എൻഡിഎ ഘടകകക്ഷികളും ബിജെപി നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ച

By Web TeamFirst Published Sep 6, 2020, 7:19 AM IST
Highlights

തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്, ചവറ ഉപതെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ടാണ് കൊല്ലത്തെ ചര്‍ച്ച.

കൊല്ലം: എൻഡിഎ ഘടകകക്ഷികളും ബിജെപി സംസ്ഥാന നേതൃത്വവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചര്‍ച്ച. ചവറ ഉപതെരഞ്ഞെടുപ്പും ചർച്ചയാകും.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള എന്‍ഡിഎ ഘടകകക്ഷി നേതാക്കളും ബിജെപി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായാണ് കൊല്ലത്ത് ചര്‍ച്ച നടക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്, ചവറ ഉപതെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ടാണ് കൊല്ലത്തെ ചര്‍ച്ച. ബിജെപിക്കും ബിഡിജെഎസ്സിനും മേല്‍കൈയ്യുള്ള ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കുക, അര്‍ഹരായ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നിവ പ്രധാന ചര്‍ച്ചയാകും. 

ചില ഘടകകക്ഷികളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. ജില്ല തിരിച്ചാണ് ബിജെപി നേതാക്കള്‍ കൂടികാഴ്ച നടത്തുക. ചര്‍ച്ച വൈകുന്നേരം ആറ് മണി വരെ നീണ്ടുനില്‍ക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഘടകകക്ഷി നേതാക്കള്‍ക്ക് ജില്ലകള്‍ തിരിച്ച് ചുമതല നല്‍കുന്ന കാര്യവും ബിജെപി നേതാക്കള്‍ പരിഗണിക്കുന്നുണ്ട്. 

ചവറ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള അദ്യഘട്ട ചര്‍ച്ചകളും നടക്കും. ചവറയില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ബിജെപി നീക്കം. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും എൻഡിഎ ഘടകകക്ഷി നേതാക്കളെ ബിജെപി നേതൃത്വം കാണുന്നുണ്ട്.

തെരഞ്ഞെടുപ്പുകള്‍ക്ക് കച്ചമുറുക്കാന്‍ ലീഗും; ഉന്നതാധികാര സമിതി യോഗം ഇന്ന്

click me!