മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതി ഇന്ന് മലപ്പുറത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ യോഗം വിലയിരുത്തും. വെൽഫയർ പാർട്ടിയുമായുള്ള സഖ്യം, മറ്റ് സംഘടനകളുടെ പിന്തുണ ഉറപ്പാക്കൽ, മുന്നണിയിലെ ധാരണകൾ എന്നിവ ഉന്നതാധികാര സമിതി ചർച്ച ചെയ്യും.

കേരള കോൺഗ്രസിലെ തർക്കം, കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയാകും. തദ്ദേശഭരണ തെരെഞ്ഞെടുപ്പിൽ മുന്നണിക്കു പുറത്തുള്ള വെൽഫയർ പാർട്ടിയടക്കമുള്ള പാർട്ടികളുമായുള്ള സഖ്യം, മറ്റ് സംഘടനകളുടെ പിന്തുണ തേടൽ, കോൺഗ്രസുമായുള്ള ചർച്ചകൾ എന്നിവയടക്കമുള്ള കാര്യങ്ങളിൽ യോഗം തീരുമാനത്തിലെത്തും. വിവാദ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള സമരങ്ങളിലും മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനമെടുക്കും. 

നവംബറോടെ ഉപതെരഞ്ഞെടുപ്പുകൾ നടത്തുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കുട്ടനാട്ടിൽ എൻസിപിയുടെ തോമസ് കെ തോമസാണ് എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. ചവറയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആർഎസ്പിയുടെ ഷിബു ബേബി ജോണാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. സർക്കാർ ഒരു കാരണവശാലും ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്ന് പറയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

'ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്ന് സർക്കാർ ആവശ്യപ്പെടില്ല', മുഖ്യമന്ത്രി