
കൊച്ചി: കോൺഗ്രസ് ശക്തികേന്ദ്രത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ, എൽഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷൻ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന എൽസി ജോർജിൻ്റെ പത്രിക തള്ളിയതോടെ ഡിവിഷനിൽ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലായി. കടമക്കുടിയിലെ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡൻ്റ് സിപിഎം നേതാവായ മേരി വിൻസൻ്റാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. രചന പ്രതാപനാണ് ബിജെപി സ്്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
വാർഡ് വിഭജനത്തിൽ വല്ലാർപാടം എന്ന പേരുമാറി ഉണ്ടായതാണ് കടമക്കുടി. യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള ചേരാനല്ലൂർ പഞ്ചായത്തിലെ 20 വാർഡുകളും കടമക്കുടി പഞ്ചായത്തിലെ 14 വാർഡുകളും ഏഴിക്കര, മുളവുകാട് പഞ്ചായത്തുകളിലെ 14 വാർഡുകളും കൂടി ചേർന്നുള്ളതാണ് പുതിയ കടമക്കുടി ഡിവിഷൻ. കോൺഗ്രസിന് വൻ ഭൂരിപക്ഷം നൽകുന്ന ഇടമാണ് ഇവിടം. ഇവിടെയാണ് മത്സരത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി പുറത്തായത്.
മേരി വിൻസെൻ്റ് അനായാസം വിജയിക്കുമെന്നാണ് ഇടതുമുന്നണി പ്രവർത്തകർ കരുതുന്നതെങ്കിലും സ്ഥാനാർത്ഥിക്ക് ആ വിശ്വാസമില്ല. തെരഞ്ഞെടുപ്പാകുമ്പോൾ ഏത് സാഹചര്യത്തിലും പല ട്വിസ്റ്റുകളും സംഭവിക്കാമെന്ന് ഇവർ പറയുന്നു. യുഡിഎഫുകാർ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് രചന പ്രതാപൻ്റെ ഉറച്ച വിശ്വാസം. അതിനായി താൻ വോട്ട് ചോദിക്കുക പോലും വേണ്ടെന്നും രചന പറയുന്നു.
മുന്നണി സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ വോട്ടെടുപ്പിൽ യുഡിഎഫ് വോട്ടർമാരെ ആരെ പിന്തുണക്കണമെന്ന് മുന്നണിയോ കോൺഗ്രസ് നേതൃത്വമോ വ്യക്തമാക്കിയിട്ടില്ല. എൽസി ജോർജിന് വേണ്ടി ഡിവിഷനിലെമ്പാടും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും നോട്ടീസുകളും പ്രവർത്തകർ നീക്കിത്തുടങ്ങി. കടമക്കുടി മനസിലൊളിപ്പിച്ചത് ട്വിസ്റ്റാണോ അല്ലേയെന്ന് അറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.