ആദ്യ 8 മണിക്കൂറിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളിൽ നീണ്ടനിര; വോട്ടുചെയ്ത് താരങ്ങളും നേതാക്കളും

By Web TeamFirst Published Apr 26, 2024, 1:30 PM IST
Highlights

പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി. 

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 46.02ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി. 

മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം 

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-44.66
2. ആറ്റിങ്ങല്‍-47.23
3. കൊല്ലം-44.72
4. പത്തനംതിട്ട-44.96
5. മാവേലിക്കര-45.20
6. ആലപ്പുഴ-48.34
7. കോട്ടയം-45.42
8. ഇടുക്കി-45.17
9. എറണാകുളം-45.18
10. ചാലക്കുടി-47.93
11. തൃശൂര്‍-46.88
12. പാലക്കാട്-47.88
13. ആലത്തൂര്‍-46.43
14. പൊന്നാനി-41.53
15. മലപ്പുറം-44.29
16. കോഴിക്കോട്-45.92
17. വയനാട്-4728
18. വടകര-45.73
19. കണ്ണൂര്‍-48.35
20. കാസര്‍ഗോഡ്-47.39

വോട്ടുചെയ്ത് താരങ്ങൾ 

വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ താരങ്ങളും പോളിങ് ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.ശരിയായ ആളെ തെരഞ്ഞെടുക്കാന്‍ എല്ലാവരും വോട്ടുചെയ്യണമെന്ന് ടൊവിനൊ തോമസ് പറഞ്ഞു.
മികച്ച രാഷ്ട്രീയ കാലാവസ്ഥയ്ക്കായി വോട്ടു ചെയ്യണമെന്ന് ആസിഫ് അലി ആഹ്വനം ചെയ്തു. മാറ്റത്തിനായി വോട്ടുചെയ്യണമെന്ന് നടി അന്ന രാജന്‍ പ്രതികരിച്ചു. കുടുംബത്തോടെ എത്തിയാണ് അഹാന കൃഷ്ണകുമാര്‍ വോട്ട് ചെയ്തത്. ഹരിശ്രീ അശോകന്‍ എറണാകുളത്തും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ആലപ്പുഴയിലും ശ്രീനിവാസന്‍ കണ്ണൂരിലും സത്യന്‍ അന്തിക്കാട് തൃശ്ശൂരിലും ഷാജി കൈലാസും കുടുംബവും തിരുവനന്തപുരത്തും ജോയ് മാത്യു കോഴിക്കോടും വോട്ട് രേഖപ്പെടുത്തി. 

'വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

ചർച്ചയായി പി ജയരാജൻ-ബിജെപി വിവാദം

തെരഞ്ഞെടുപ്പ് ദിനത്തിൽ ആളിക്കത്തിയത് ഇപി ജയരാജൻ-ബിജെപി വിവാദമാണ്. പ്രകാശ് ജാവേദ്ക്കറിനെ കണ്ടുവെന്ന  ദല്ലാൾ നന്ദകുമാറിന്റെ ആരോപണം ഇപി ജയരാജൻ സമ്മതിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ദിവസം ആരംഭിച്ചത്. മകന്റെ വീട്ടിൽ തന്നെ കാണാൻ വന്നുവെന്നും രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇപി വ്യക്തമാക്കി. പിന്നാലെ ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപിയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. പാപിയുടെ കൂടെശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപിയും കോൺഗ്രസും ഇപി വിഷയം ഏറ്റെടുത്തതോടെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം ഇപിയെ ചുറ്റിപ്പറ്റിയായി.   

ഇപിയുമായി പലഘട്ടം ചർച്ച നടത്തി, ജൂൺ 4 ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും: സുരേന്ദ്രൻ

പത്തനംതിട്ടയിലും മലപ്പുറത്തും ആറ്റിങ്ങലിലും കള്ളവോട്ട് പരാതി

വോട്ടെടുപ്പ് 6 മണിക്കൂര്‍ പിന്നിടുമ്പോൾ സംസ്ഥാനത്ത്  3 കള്ളവോട്ട് പരാതികളുയർന്നു. പത്തനംതിട്ടയിലെ അടൂരും മലപ്പുറത്തെ പെരിന്തല്‍മണ്ണയിലും ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തന്‍കോടുമാണ് കള്ള വോട്ട് ആരോപണങ്ങള്‍ ഉയർന്നത്.

കളളവോട്ടും പോളിങ് ക്രമക്കേടുകളും തടയാൻ എല്ലാ ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിങ് ഉളളത് കണ്ണൂരിലാണ്. രാജ്യത്ത് തന്നെ ഏറ്റവും വിപുലമായ സംവിധാനമാണിത്. ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫോർ ജി ക്യാമറകളിലൂടെയുളള ദൃശ്യങ്ങൾ കളക്ടറേറ്റിൽ നിരീക്ഷിക്കുകയാണ്. ഉച്ചവരെ ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വരണാധികാരി കൂടിയായ കളക്ടർ അരുൺ കെ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട് എലത്തൂര്‍ എടക്കാട് രണ്ട് ബൂത്തുകളിലെ വോട്ടിംഗ് മിഷനില്‍ ക്രമക്കേടുണ്ടന്ന പരാതി വസ്തുതാ വിരുദ്ധമെന്ന് ജില്ലാകളക്ടര്‍. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടിലാണ് പരാതി തെറ്റെന്ന് തെളിഞ്ഞത്. പരാതി ഉന്നയിച്ച വെള്ളേരി താഴത്ത് അനിൽ കുമാറിനെ പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 


 

click me!