ഇപിയുമായി പലഘട്ടം ചർച്ച നടത്തി, ജൂൺ 4 ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും: സുരേന്ദ്രൻ
ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും. പ്രതീക്ഷിക്കാത്ത പേരുകളും അതിൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം : ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ഇരുമുന്നണിയിലെയും പല അസംതൃപ്തരുമായും ചർച്ചകൾ നടക്കുന്നുണ്ട്. ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും. പ്രതീക്ഷിക്കാത്ത പേരുകളും അതിൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇടത് നേതാവ് ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താതെ ശോഭാ സുരേന്ദ്രനാണ് ആദ്യം ആരോപണമുയർത്തിയത്. ഒരു പടി കൂടി കടന്ന് ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെന്ന് പേരടക്കം കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആരോപണമുന്നയിച്ചത്. പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തി.തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തി പ്രകാശ് ജാവദേക്കർ ഇപി ജയരാജനെ തന്‍റെ സാന്നിധ്യത്തിൽ കണ്ടിരുന്നുവെന്നും തൃശ്ശൂർ സീറ്റിൽ ഇടത് പക്ഷം ബിജെപിയെ സഹായിക്കാനാണ് ആവശ്യപ്പെട്ടതെന്നും ദല്ലാൾ പ്രതികരിച്ചു. പകരം മുഖ്യമന്ത്രിക്ക് എതിരായ എസ്.എൻ.സി ലാവലിൻ കേസ് , സ്വർണ്ണക്കടത്ത് കേസ് അടക്കം സെറ്റിലാക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ഇപി വഴങ്ങാത്തതിനാൽ ചർച്ച പരാജയപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ കൊച്ചിയിൽ പറഞ്ഞു.
Kerala Lok Sabha Election 2024 LIVE : ആദ്യ മണിക്കൂറിൽ മികച്ച പോളിങ്
തെരഞ്ഞെടുപ്പിന് തലേദിവസമുണ്ടായ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് ദിവസമാണ് ഇപി മറുപടി നൽകിയത്. പ്രകാശ് ജാവദേക്കർ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു. നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു.
'ആരോപണം ആസൂത്രിത ഗൂഢാലോചന, നിയമനടപടി സ്വീകരിക്കും'; ജാവേദ്ക്കർ വന്നു കണ്ടിരുന്നുവെന്നും ഇപി ജയരാജൻ