അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേന; പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ചു, വമ്പൻ ക്രമീകരണങ്ങൾ

By Web TeamFirst Published Apr 24, 2024, 8:23 PM IST
Highlights

ഓരോ പൊലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ മൂലം തിരഞ്ഞെടുപ്പ് തടസപ്പെടാതിരിക്കാൻ ഒരു ദ്രുതകർമ്മസേനയെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കേരള പൊലീസും കേന്ദ്ര സേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 25231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13272 സ്ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ  സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്തൊട്ടാകെ ഏർപ്പെടുത്തിയിട്ടുള്ളത്.

എഡിജിപി എം ആർ അജിത്ത് കുമാറാണ് പൊലീസ് വിന്യാസത്തിന്റെ നോഡൽ ഓഫീസർ. പൊലീസ് ഇൻസ്പെക്ടർ ജനറൽ (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസി. സംസ്ഥാന പൊലീസ് നോഡൽ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ബ് ഡിവിഷൻ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റയും ചുമതല ഡി.വൈ.എസ്.പി അല്ലെങ്കിൽ എസ്.പിമാർക്കാണ്. 183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4540 എസ് ഐ, എഎസ്ഐമാർ, 23932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 2874 ഹോം ഗാർഡുകൾ, 4383 ആംഡ് പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 24327 എസ്പിഒമാർ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്. 

കൂടാതെ 62 കമ്പനി സിഎപിഎഫും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്) സുരക്ഷയൊരുക്കുന്നുണ്ട്. ഇതിൽ 15 കമ്പനി മാർച്ച് മൂന്നിനും 21 നുമായി സംസ്ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്നാട്ടിലെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഏപ്രിൽ 20 ന് എത്തിയിരുന്നു. പ്രശ്ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫിൽ നിന്നുള്ള 4464 പേരെയും തമിഴ്‌നാട്ടിൽ നിന്നും 1500 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. 

ഓരോ പൊലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ മൂലം തിരഞ്ഞെടുപ്പ് തടസപ്പെടാതിരിക്കാൻ ഒരു ദ്രുതകർമ്മസേനയെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വോട്ടർമാർക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താൻ കേന്ദ്ര സേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

'വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി'; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ നേതാവ്

'രാജ്യത്തിൻ്റെ പ്രധാനമന്ത്രി പരസ്യമായി വർഗീയത പറഞ്ഞു'; കൊടിയ അസമത്വത്തിന് അറുതി വരുത്തണമെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!