വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പിന് ആശങ്ക

By Web TeamFirst Published Apr 27, 2024, 12:40 PM IST
Highlights

രാഹുല്‍ ഫാക്ടര്‍ വോട്ടിംഗില്‍ പ്രതിഫലിച്ചോ? കൊടി വിവാദം ലീഗ് പോക്കറ്റുകളിൽ ആളെ കുറച്ചോ? 

കല്‍പറ്റ: യുഡിഎഫിന്‍റെ രാഹുല്‍ ഗാന്ധിക്ക് 2019ല്‍ കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (4,31,770) നല്‍കിയ മണ്ഡലമാണ് വയനാട് ലോക്‌സഭ സീറ്റ്. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് കൂടിയാണ് വയനാട്. എന്നാല്‍ 2024ലേക്ക് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കും യുഡിഎഫിനും ആശങ്കകളുടെ സൂചനകളാണ് വയനാട്ടിലെ പോളിംഗ് കണക്കുകള്‍ നല്‍കുന്നത്. വയനാട്ടില്‍ കഴിഞ്ഞവട്ടം രാഹുലിന് കൂടുതൽ ഭൂരിപക്ഷം നൽകിയ നിയമസഭ മണ്ഡലത്തിൽ ഇക്കുറി പോളിംഗ് കുറഞ്ഞു.

2019ല്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധിക്ക് ഒരുതരത്തിലും 2024ല്‍ വെല്ലുവിളിയാവേണ്ട മണ്ഡലമല്ല വയനാട് എന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തവണ 10,87,783 വോട്ടുകള്‍ പോള്‍ ചെയ്‌തപ്പോള്‍ 706,367 ഉം രാഹുല്‍ നേടി. ഇത്തവണ എല്‍ഡിഎഫിനായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയും എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സരത്തിനായി വന്നപ്പോള്‍ വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ആവേശം പ്രചാരണത്തില്‍ ദൃശ്യമായി. അപ്പോഴും രാഹുല്‍ ഗാന്ധിക്ക് തന്നെ വലിയ മേല്‍ക്കൈ യുഡിഎഫ് കണക്കുകൂട്ടി. എന്നാല്‍ വയനാട്ടിൽ ഇത്തവണ പോളിംഗ് കുത്തനെയിടിഞ്ഞതോടെ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പ് ആശങ്കയിലാണ്. 

Read more: വടകരയില്‍ പോളിംഗ് കുറഞ്ഞത് അടിയൊഴുക്കോ, സംസ്ഥാന ട്രെന്‍ഡോ?

കഴിഞ്ഞ തവണ പോൾ ചെയ്തത് 80.33 ശതമാനം വോട്ടുകളെങ്കില്‍ ഇത്തവണ അത് ഏഴ് ശതമാനം കുറഞ്ഞ് 73.48ലേക്ക് താണു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ വൻ ഇടിവാണ് പോളിംഗില്‍ ഇത്തവണ പ്രകടമായത്. കൽപ്പറ്റയിൽ വോട്ടുചെയ്തത് 72.92 % പേര്‍ മാത്രം. യുഡിഎഫിന്‍റെ ആശ്വാസം ഏറനാട്ടെ (77.32%) കണക്കിലാണ്. 2019ലെ രാഹുല്‍ ഫാക്ടര്‍ ഇത്തവണ വോട്ടിംഗില്‍ പ്രതിഫലിച്ചോ, കൊടി വിവാദം ലീഗ് പോക്കറ്റുകളിൽ ആളെ കുറച്ചോ?- എന്നീ ചോദ്യങ്ങള്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉയരും. അതേസമയം വോട്ടുകൾ ക്യത്യമായി പോൾ ചെയ്തു എന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. പാർട്ടി വോട്ടുകൾ പെട്ടിയിലായെന്ന് എന്‍ഡിഎയും പ്രതീക്ഷവെക്കുന്നു. 

വയനാട്ടിലെ മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും കല്‍പറ്റയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാടും നിലമ്പൂരും വണ്ടൂരും ചേരുന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. 2009ല്‍ 74.71% ഉം 2014ല്‍ 73.25% ഉം വോട്ടുകള്‍ പോള്‍ ചെയ്‌ത വയനാട് ലോക്സഭ മണ്ഡലത്തില്‍ 2019ല്‍ പോളിംഗ് ശതമാനം 80.33%ലേക്ക് ഉയര്‍ന്നത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോര്‍ഡിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായമായിരുന്നു. 

Read more: പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും, പക്ഷേ; കണ്ണൂര്‍ പോരാട്ടത്തിലെ നിര്‍ണായക സൂചനകള്‍

click me!