Asianet News MalayalamAsianet News Malayalam

വടകരയില്‍ പോളിംഗ് കുറഞ്ഞത് അടിയൊഴുക്കോ, സംസ്ഥാന ട്രെന്‍ഡോ?

ആവേശ പ്രചാരണം, പാതിരാത്രി വരെ വോട്ടിംഗ്; ക്ഷീണിച്ചും കുതിച്ചും വിസ്‌മയിപ്പിച്ച വടകര ആര് നേടും? 

Kerala Lok Sabha Election 2024 Vatakara Lok Sabha constituency voting trends
Author
First Published Apr 27, 2024, 10:34 AM IST

വടകര: ഇഞ്ചോടിഞ്ച് എന്നല്ലാതെ മറ്റൊരു വിശേഷണം പറയാനില്ല, ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അത്ര ശക്തമായിരുന്നു. ഇടതുമുന്നണിക്കായി മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ടീച്ചറാണ് കളത്തിലിറങ്ങിയത്. യുഡിഎഫിനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും എത്തിയതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി വടകര മാറി. സിആര്‍ പ്രഫുല്‍ കൃഷ്‌ണയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രചാരണം വാശിയേറിയിട്ടും പോളിംഗ് ശതമാനത്തില്‍ ഇടിവ് പ്രകടമായതോടെ വടകര ഞെട്ടിച്ചിരിക്കുകയാണ്. 

ആവേശ പ്രചാരണം

പ്രചാരണം എന്നൊക്കെ പറഞ്ഞാല്‍, ഇടത് വലത് മുന്നണികളുടെ തീപ്പോരിനാണ് വടകര സാക്ഷ്യംവഹിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പരസ്‌പരം മത്സരിച്ച് മറുപടി കൊടുക്കുന്ന ആളാരവങ്ങളാണ് മണ്ഡലത്തിലെ പ്രചാരണവേളയില്‍ കണ്ടത്. പ്രചാരണച്ചൂട് കണ്ടാല്‍ ഇത്തവണ 80 ശതമാനത്തിന് മുകളില്‍ പോളിംഗ് അനായാസം രേഖപ്പെടുത്തേണ്ടിയിരുന്നു വടകരയില്‍. 2004ല്‍ 75.83%, 2009ല്‍ 80.40% ഉം, 2014ല്‍ 81.37% ഉം, 2019ല്‍ 82.67% ഉം പോളിംഗ് രേഖപ്പെടുത്തിയ വടകര 85 ശതമാനം വോട്ടിംഗിലേക്ക് എത്തുമെന്നാണ് ഇത്തവണ കരുതിയിരുന്നത്. എന്നാല്‍ 2024ല്‍ 77.6 ശതമാനം വോട്ടര്‍മാര്‍ മാത്രമേ വടകര ലോക്‌സഭ മണ്ഡലത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചുള്ളൂ. സംസ്ഥാനത്ത് പൊതുവെയുണ്ടായ പോളിംഗ് ഇടിവാണോ ഇക്കുറി വടകരയിലെ ആവേശപ്രചാരണത്തിനിടയിലും സംഭവിച്ചത് എന്ന ചോദ്യം സജീവമാണ്. 

Read more: സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നല്‍കുന്ന സൂചന എന്ത്, കൂടുതല്‍ അലോസരം ഏത് മുന്നണിക്ക്?

മുന്‍ കണക്കുകള്‍

2004ല്‍ 75.83% പോളിംഗ് കണ്ടപ്പോള്‍ എല്‍ഡിഎഫിന്‍റെ പി സതീദേവി 1,30,589 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 80.40% പോളിംഗ് ഉണ്ടായ 2009ല്‍ യുഡിഎഫിന്‍റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ 56,186 വോട്ടുകളുടെ ഭൂരിപക്ഷവുമായി ജയിച്ചു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 81.37% വോട്ടുകള്‍ പിറന്നപ്പോള്‍ 3,306 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യുഡിഎഫിന്‍റെ മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്നത്. എഎന്‍ ഷംസീറായിരുന്നു ഇടത് സ്ഥാനാര്‍ഥി. 82.67% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ 2019ല്‍ യുഡിഎഫിന്‍റെ കെ മുരളീധരന്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് വടകര എംപിയായത്. എല്‍ഡിഎഫിന്‍റെ പി ജയരാജനും എന്‍ഡിഎയുടെ വി കെ സജീവനുമായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍.  

ഇത്തവണ? 

സംസ്ഥാനത്ത് വടകര മണ്ഡലത്തിലാണ് വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത്. രാത്രിവൈകിയും വലിയ ക്യൂവായിരുന്നു വടകരയിലെ പല ബൂത്തുകളിലും ദൃശ്യമായത്. കുറ്റ്യാടി മണ്ഡലത്തിലെ 141-ാം നമ്പർ ബൂത്തിൽ അവസാനത്തെ ആള്‍ വോട്ട് ചെയ്യുമ്പോള്‍ രാത്രി 11.43 ആയി. വോട്ടെടുപ്പ് വൈകിയതിനെ തുടർന്ന് പലയിടത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ തർക്കം ഉണ്ടായി. നാദാപുരത്ത് വോട്ടർമാരെ നിയന്ത്രിക്കാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. ഓപ്പൺ വോട്ട് മുൻകാലങ്ങളേക്കാൾ അധികമായി അനുവദിച്ചതാണ് വോട്ടെടുപ്പ് നീണ്ടു പോകാൻ കാരണമെന്ന് വോട്ടർമാർ പരാതിപ്പെട്ടു. മുമ്പത്തേക്കാള്‍ പോളിംഗ് കുറഞ്ഞിട്ടും 2024ല്‍ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലമായി വടകര മാറിയെന്നത് കൗതുകകരം. 

Read more: കഥ മാറി, കാലാവസ്ഥ മാറി? വടകര വോട്ട് ഇത്തവണ ആര്‍ക്കൊപ്പം; ശൈലജയും ഷാഫിയും ഇഞ്ചോടിഞ്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios