
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരിൽ നിന്നും ഫോർട്ട്കൊച്ചി പോലീസ് പിടികൂടി. ബാംഗ്ലൂരിൽ ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന സാജൻ എന്നയാളാണ് അറസ്റ്റിലായത്. യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് ഫോർട്ട്കൊച്ചി സ്വദേശിയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വിസ പ്രൊസസിംഗ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയാണ് പ്രതി വിശ്വാസം നേടിയെടുത്തത്. പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാർ ചോദ്യം ചെയ്തപ്പോൾ പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ബാംഗ്ലൂരിൽ ആഡംബര വാഹനങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു ഇയാൾ. അവിടെ 'റെന്റ് എ കാർ' ബിസിനസ്സ് നടത്തി വരികയായിരുന്നു. ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
പൊലീസ് പിടികൂടുമെന്ന് ഉറപ്പിച്ച സാജൻ, സ്ഥിരമായി ഒരിടത്ത് താമസിക്കാതെ ഒളിസങ്കേതങ്ങൾ മാറ്റിക്കൊണ്ടിരുന്നു. വിവിധ ഫോൺ നമ്പറുകൾ മാറി മാറി ഉപയോഗിച്ചു. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ ഫോർട്ട്കൊച്ചി എസ്.ഐ നവീനും സംഘവുമാണ് ഇയാളെ പിടികൂടിയത്. പതിവുരീതിയിൽ മറ്റൊരു തട്ടിപ്പിന് പദ്ധതിയിടുന്നതിനിടയിലാണ് ഇയാൾ വലയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുള്ളതിനാൽ വിശദമായ അന്വേഷണം ആരംഭിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി എ.സി.പി സന്തോഷ് സി.ആർ, ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ രതീഷ് കെ.സി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നവീൻ എസ്, എസ്.സി.പി.ഒ സുരേഷ്, സി.പി.ഒ ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam