മാർക്ക് ദാനം വഴി ജയിച്ച് വിദേശത്ത് പോയവരുടെ കണക്കെവിടെ? മിണ്ടാതെ കേരളയും എംജിയും

By Web TeamFirst Published Dec 11, 2019, 10:36 AM IST
Highlights

എംജി, കേരള യൂണിവേഴ്സിറ്റികളില്‍ അനധികൃതമായി മാർക്ക് നേടിയവരുടെ വിവരങ്ങൾ രേഖാമൂലം നൽകണമെന്ന് നോർക്കയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ യൂണിവേഴ്സിറ്റികള്‍.

തിരുവനന്തപുരം: എംജി, കേരള യൂണിവേഴ്സിറ്റികളില്‍ അനധികൃതമായി മാർക്ക് നേടിയവരുടെ വിവരങ്ങൾ രേഖാമൂലം നൽകണമെന്ന നോർക്കയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ യൂണിവേഴ്സിറ്റികള്‍. അനധികൃതമായി മാർക്ക് നേടിയവരുടെ വിവരങ്ങൾ രേഖാമൂലം നൽകണമെന്നാവശ്യപ്പെട്ട്  നോർക്ക രണ്ട് പ്രാവശ്യം കത്ത് നൽകിയിട്ടും കേരള സർവകലാശാല പ്രതികരിച്ചില്ല. അതേ സമയം വിവരങ്ങൾ രേഖാമൂലം നൽകാനാകില്ലെന്നാണ് എംജി യൂണിവേഴ്സിറ്റിയുടെ നിലപാട്. വിവരങ്ങള്‍ വെബ് സൈറ്റിൽ നിന്ന് എടുക്കാനും നേർക്കയ്ക്ക് നിർദേശം നല്‍കി. അനർഹമായി ബിരുദം നേടിയവരുടെ വിവരം ലഭിച്ചില്ലെങ്കിൽ വിദേശ ജോലി തേടുന്നവരുടെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ മുടങ്ങുമെന്ന് നോർക്ക അറിയിച്ചു.

കേരള, എംജി സർവകലാശാലകളിലെ മാർക്ക് ദാനങ്ങളിൽ ഇടപെട്ട നോർക്ക അനധികൃതമായി ബിരുദം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ഉടൻ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾക്ക് കത്ത് നൽകിയിരുന്നു. സാധുവല്ലാത്ത ബിരുദ സർട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവർക്കെതിരെയും നോർക്ക നടപടി തുടങ്ങി.എംജി സർവ്വകലാശാല മാർക്ക് ദാനത്തിലൂടെ ബി ടെക് പരീക്ഷ പാസായത് 123 പേരാണ്. കേരളയിൽ 30 കോഴ്സുകളിലായി 727 പേരുടെ മാർക്കിൽ തിരിമറി നടന്നതായാണ് കണ്ടെത്തിയത്.ഇതിൽ 390 പേർ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.വിദേശത്തു ജോലിക്ക് പോകേണ്ടവരുടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സാണ്.

സർവകലാശാലകളിലെ മാർക്ക്ദാനം: അനർഹ ബിരുദങ്ങള്‍ റദ്ദാക്കണമെന്ന് നോർക്ക

നിരവധി പേർ അനർഹമായി നേടിയ സർട്ടിഫിക്കറ്റുമായി വിദേശങ്ങളിൽ വിവിധ ജോലികളിലാണ്. ഇവർ ആരൊക്കയാണെന്ന് കണ്ട് പിടിച്ച് ബന്ധപ്പെട്ട തൊഴിൽ സ്ഥാപനങ്ങളെ അറിയിക്കും. നിരവധി പേർ ദൈനംദിനം നോർക്കയുടെ ഓഫീസിലേക്ക് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനായി എത്തുന്നു. ഇവരിൽ ആരൊക്കെയാണ് അനർഹമായി ബിരുദം നേടിയെതെന്ന് കണ്ടെത്താൻ പ്രയാസമാണ്.അതുകൊണ്ടാണ് അനർഹ ബിരുദം നേടിയവരുടെ മുഴുവൻ വിശദാംശങ്ങളും നോർക്ക സർവകലാശാല രജിസ്ട്രാർമാരോട് ആവശ്യപ്പെട്ടത്. 

click me!