
ദില്ലി: മുൻനിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്നും പിന്മാറിയ കേന്ദ്ര റെയിൽവേ മന്ത്രി (Railway Minister) അശ്വിനി വൈഷ്ണവിനെതിരെ കേരള മന്ത്രിമാര്‍. ദില്ലിയിൽ എത്തിയ വി.ശിവൻകുട്ടി, ജിആര്‍ അനിൽ, ആൻ്റണി രാജു എന്നീ മന്ത്രിമാര്‍ക്കാണ് ഇന്ന് റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കാതെ വന്നത്.
ഇന്നലെയാണ് മൂന്ന് മന്ത്രിമാരും ദില്ലിയിൽ എത്തിയത്. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനെത്തിയത്. എന്നാൽ ഇന്ന് റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു.
ഇന്ന് കാണാം എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ന് ദില്ലിയിൽ എത്തിയതെന്നും മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മന്ത്രി തയ്യാറായില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രിമാര്‍ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ റെയിൽവേ മന്ത്രിയെ കണ്ടതായി അറിഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ സിൽവര്‍ ലൈൻ പദ്ധതി ചര്‍ച്ചയായിട്ടില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ റെയിൽവേ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും ഇന്ന് എത്തിയതെന്നും വിഷയം നേരിട്ട് പരിശോധിക്കാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി അടുത്ത മാസം 25-ന് കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.
നേമം ടെർമിനൽ പദ്ധതിയോട് അനുകൂല നിലപാട് ആണ് റെയിൽവേ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിച്ചു എന്ന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞതും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ വികസനം അടിയന്തരമായി തുടങ്ങും. കൊച്ചുവേളി സ്റ്റേഷൻ വികസനം അടുത്ത വർഷത്തോടെ തുടങ്ങാമെന്നും റെയിൽവേ സഹമന്ത്രി അറിയിച്ചതായും വി ശിവൻകുട്ടി പറഞ്ഞു.
സിൽവര്‍ ലൈനിന് ബദൽ വരുമെന്ന് ബിജെപി നേതാക്കൾ: പ്രഖ്യാപനം റെയിൽവേ മന്ത്രിയെ കണ്ട ശേഷം
ദില്ലി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം കെരളത്തില്‍ റെയില്‍വേ വികസനത്തിന് ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.സില്‍വര്‍ ലൈന് ഒരു ബദൽ നിർദ്ദേശം കേന്ദ്ര പരിഗണനയിൽ ഉണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം വി മുരളീധരന്‍ പറഞ്ഞു.വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ വ്യക്തമാക്കും.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ല.സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല.കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.കെ റെയിൽ അശാസ്ത്രിയമാണ്..പദ്ധതിക്ക് ബദലായിട്ട് നിർദേശങ്ങൾ ഉണ്ടാകണം എന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.ഇതിനായി പാർലമെന്‍റ് അംഗങ്ങളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും വി മുരളീധരന്‍ പറഞ്ഞു
നേമം ടെർമിനൽ പണി അവസാനിപ്പിച്ചു എന്ന റിപ്പോർട്ട് വന്നു.പദ്ധതി കേരളത്തിന്റെ വികസനത്തിൽ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.
ഇന്ത്യയിലെ മറ്റ് റെയിൽവേ പദ്ധതിയുടെ ഡി പി ആറിനേക്കാളും വിശദാംശങ്ങൾ അടങ്ങിയതാണ് സിൽവർലൈൻ ഡി പി ആറെന്ന അവകാശവാദവുമായി കെ റെയിൽ കമ്പനി രംഗത്ത്. ഒരു ഡിപിആർ തയ്യാറാക്കുമ്പോൾ പാലിക്കണ്ട എല്ലാ മാനദണ്ഡങ്ങളും കെ റെയിൽ പാലിച്ചിട്ടുണ്ടെന്നും ഡിപിആർ, സർവ്വേ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമാണെന്നും അതെല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതുമാണെന്നും കെ-റെയിൽ ഉപദേഷ്ടാവും ഇന്ത്യൻ റെയിൽവേയുടെ റിട്ടയേർഡ് അഡീഷണൽ ജനറൽ മാനേജറുമായ എസ് വിജയകുമാരൻ പറഞ്ഞു.