റെയിൽവേ ഭൂമി ഉൾപ്പടെയുള്ള വിവരങ്ങൾ റെയിൽവേ നല്‍കുന്നില്ലെന്നാണ് കേരളത്തിന്‍റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നല്‍കിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ദില്ലി: കെ റെയിലിൽ വിവരങ്ങൾ നല്‍കാത്തത് റെയിൽവേ എന്ന് കേരളം. റെയിൽവേ ഭൂമി ഉൾപ്പടെയുള്ള വിവരങ്ങൾ റെയിൽവേ നല്‍കുന്നില്ലെന്നാണ് കേരളത്തിന്‍റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നല്‍കിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, കെ റെയിൽ പദ്ധതിക്ക് ഉടൻ അനുമതിയില്ലെന്ന് വീണ്ടും കേന്ദ്രം വ്യക്തമാക്കി. കടബാധ്യതയും പാരിസ്ഥിതിക വിഷയങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ കേരളം ആവശ്യപ്പെട്ട റിപ്പോർട്ട് നല്കിയിട്ടില്ലെന്നും റെയിൽവേ മന്ത്രി ലോക്സഭയെ അറിയിച്ചു. 

കെ റെയിൽ പദ്ധതിക്കായി കേരളം നല്കിയ ഡിപിആറിൽ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇത് കിട്ടാതെ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത് പരിഗണിക്കാനാവില്ലെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഹൈബി ഈഡന് ലോക്സഭയിൽ നല്കിയ മറുപടിയിൽ പറയുന്നു. അലൈൻമെന്റ് പ്ലാൻ, പദ്ധതിക്കുള്ള റെയിൽവേ സ്വകാര്യ ഭൂമികളുടെ വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ പാതയിലെ ക്രോസിംഗുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് കേന്ദ്ര നിലപാട്. ഇവ കിട്ടിയാലും പല വിഷയങ്ങളിലും പരിശോധന പൂർത്തിയാകേണ്ടതുണ്ട്. മണ്ണിന്‍റെ അവസ്ഥ, ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കടബാധ്യത എന്നിവയിലും പരിശോധന വേണം. പദ്ധതിക്കായി കൃഷിഭൂമി എടുക്കേണ്ടി വരുമെന്നും, 20000 വീടുകൾ തകർക്കുമെന്നും, കേരളം കടക്കെണിയിലാണെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കിട്ടിയതായും റെയിൽമന്ത്രി പറയുന്നുണ്ട്. 

എന്നാൽ ഡിപിആറിന് പുറമെ കേന്ദ്രം ചോദിച്ച കാര്യങ്ങൾ നല്‍കാത്തത് റെയിൽവേ ആണെന്നാണ് കേരളം പറയുന്നത്. പല തവണ റെയിവേയോട് ഇക്കാര്യം പറഞ്ഞതായി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി റെയിൽ ബോർഡ് ചെയർമാന്‍ അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പദ്ധതിക്കെതിരായ പരാതി മാത്രമല്ല അനുകൂലിച്ചുള്ള പല കത്തുകളും കേന്ദ്രത്തിന് കിട്ടിയിട്ടുണ്ടെന്നും കേരളം പറയുന്നു. നേരത്തെ പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നല്‍കിയതാണ്. കേരളം വിവരങ്ങൾ നല്കിയാലും വിശദ പരിശോധന വേണം എന്ന് കേന്ദ്രം ഇപ്പോൾ പറയുന്നത് ആ തീരുമാനം മാറുന്നു എന്നതിന്‍റെ സൂചനയാണ്.

Also Read: കെ റെയിൽ വിനാശകരമായ പദ്ധതിയെന്ന് പ്രശാന്ത് ഭൂഷൻ

കെ റെയിൽ വിനാശകരമായ പദ്ധതിയെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അടിസ്ഥാന പഠനം പോലും നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോന്നതെന്ന് പ്രശാന്ത് ഭൂഷൻ വിമര്‍ശിച്ചു. പദ്ധതി കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മീറ്റ് ദ പ്രസിൽ പറഞ്ഞു.കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെയും ആരോപിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷൺ, സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികൾ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Also Read:ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും നടത്തുന്നു