വലിയ ലക്ഷ്യത്തിലേക്ക് കേരളം, തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ 30ന്; 2 ദിനങ്ങളിൽ വിപുലമായ പൊതുവിട ശുചീകരണം

Published : Mar 18, 2025, 06:24 PM IST
വലിയ ലക്ഷ്യത്തിലേക്ക് കേരളം, തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ 30ന്; 2 ദിനങ്ങളിൽ വിപുലമായ പൊതുവിട ശുചീകരണം

Synopsis

മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതല പ്രഖ്യാപനം സംസ്ഥാനത്ത് ആകെ ഒറ്റ ദിവസമായി നടക്കുക

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ അഭിമാന പരിപാടികളിലൊന്നായ മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ മാർച്ച് 30ന്. ഇതിന് മുന്നോടിയായി പൊതുവിടങ്ങളിൽ അവശേഷിക്കുന്ന മാലിന്യം നീക്കുന്നതിന് 22, 23 തീയതികളിൽ തദ്ദേശസ്ഥാപന തലത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.  മാർച്ച് 17 മുതൽ ഏപ്രിൽ അഞ്ച് വരെ ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയ ഉത്തരവും തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി. തദ്ദേശതല പ്രഖ്യാപനത്തിനു മുൻപ് അതത് വാർഡുപ്രഖ്യാപനങ്ങളും നടത്താൻ നിർദേശിച്ചിട്ടുണ്ട്.

മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതല പ്രഖ്യാപനം സംസ്ഥാനത്ത് ആകെ ഒറ്റ ദിവസമായി നടക്കുക. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു സ്ഥലം കണ്ടെത്തി വൃത്തിയാക്കി അവിടെ ‘വേസ്റ്റ് ടു ആർട്’ വിഷയമാക്കി ഇൻസ്റ്റലേഷനുകള്‍ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഹരിതകർമസേന, എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട് ആൻഡ് ഗൈഡ്‌സ്, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ജനകീയ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുന്നത്.

വാർഡുതലത്തിൽ ഹരിതകർമസേനാംഗങ്ങളുടേയും മറ്റും സഹകരണത്തോടെ ഏതാനും വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനത്തിലൂടെ മാലിന്യത്തിൽനിന്ന് വലിയതോതിൽ മോചനം നേടാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഏറെക്കാലമായി മാലിന്യം കൂടിക്കിടന്ന് പ്രശ്‌നമുണ്ടാക്കിയിരുന്ന ബ്രഹ്‌മപുരം ഉൾപ്പെടെ വൃത്തിയാക്കിക്കഴിഞ്ഞു. തദ്ദേശതലത്തിൽ നിലവിലുള്ള മാലിന്യക്കൂനകൾകൂടി നിർമാർജ്ജനം ചെയ്യുകയും തുടർന്ന് ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നതിനുള്ള ബൃഹത്തായ കർമപദ്ധതിക്കാണ് സർക്കാർ രൂപംകൊടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് ‘വൃത്തി-2025’ എന്ന മെഗാ ഇവന്റ് സംഘടിപ്പിക്കുന്നുണ്ട്. 

പരിപാടികൾക്ക് മുന്നോടിയായി വാർഡുതല ശുചിത്വ പ്രഖ്യാപന സദസ്സുകൾക്ക് 17ന് തുടക്കമായി. 22 വരെ വാർഡുകളിലെ വീടുകളിൽ നിന്നുള്ളവരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശുചിത്വ പ്രഖ്യാപന സദസ്സുകൾ നടത്തും. മാർച്ച് 30ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറുവരെയാണ് തദ്ദേശ സ്ഥാപനതല ശുചിത്വപ്രഖ്യാപനം. ശുചിത്വ സന്ദേശ ജാഥയോടെ പരിപാടി ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ മികച്ച വീട്, വാർഡ്, സ്ഥാപനം, റെസിഡന്റ്‌സ് അസോസിയേഷൻ, ജനകീയ സംഘടന, ഹരിത വായനശാല, ഹരിത പൊതു ഇടം, ഹരിത അയൽക്കൂട്ടം, ഹരിത ടൗൺ, ഹരിത വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങൾ നൽകും. ബ്ലോക്ക് തലത്തിൽ ഏപ്രിൽ മൂന്നിനാണ് സമാനമായ രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുക.

ഏപ്രിൽ അഞ്ചിന് ജില്ലാതലത്തിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കൊപ്പം തദ്ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട, മികച്ച പ്രവർത്തനം കാഴ്ചവച്ചവരും വിവിധ ഏജൻസികളിലെ ജില്ലാ-ബ്ലോക്ക്തല ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളുടെ പ്രതിനിധികളുമാണ് ഇതിൽ പങ്കെടുക്കുക. ജില്ലാതലത്തിലും ഒരു സ്ഥലം കണ്ടെത്തി ശുചിത്വപ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു ഇൻസ്റ്റലേഷൻ സ്ഥാപിക്കും. 

തദ്ദേശ ഭരണവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, കേരള ഖരമാലിന്യ കൈകാര്യ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർഡ്തലത്തിലുൾപ്പെടെ നിലവിലെ സ്ഥിതിവിവര റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഇതുസംബന്ധിച്ച ഉത്തരവുപ്രകാരം ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ട്.

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിക്കാരറിയാൻ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ന​ഗരത്തിൽ ഗതാഗതനിയന്ത്രണം, വിവരങ്ങൾ ഇങ്ങനെ
കെസി കളത്തിലിറങ്ങിയാൽ ഷാഫി ഉൾപ്പെടെ 5 എംപിമാർക്കും മത്സരമോഹം; എതിർത്ത് സംസ്ഥാന നേതൃത്വം, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്