കാന്തപുരത്തിന് പിന്തുണയുമായി കേരള മുസ്ലിം ജമാഅത്ത്, വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നും പ്രതികരണം

Published : Sep 01, 2026, 12:05 AM IST
Kanthapuram Aboobacker

Synopsis

സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ പിന്തുണച്ച് കേരള മുസ്ലിം ജമാഅത്ത്. സ്ത്രീക്കും പുരുഷനും മതം വെവ്വേറെ ഉത്തരവാദിത്തങ്ങൾ നൽകുന്നത് പ്രകൃതിപരമായ നീതിയാണെന്നും വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ജമാഅത്ത് പ്രസ്താവനയിൽ പറയുന്നു.

കോഴിക്കോട്:സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസ്താവനിയിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാറെ അനുകൂലിച്ച് കേരള മുസ്ലിം ജമാഅത്ത്.സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് മതം നൽകിയിട്ടുള്ളതാണെന്നും ഇത് പ്രകൃതിപരമായ നീതി നടപ്പിലാക്കൽ ആണെന്നുമാണ് മുസ്ലിം ജമാഅത്ത് പ്രസ്താവന പുറത്തിറക്കിയത്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം.വിമർശനങ്ങൾ നിന്ന് എല്ലാവരും പിന്മാറണമെന്നും വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ മുഹമ്മദ് ഫൈസി പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ പ്രസ്താവനയിൽ പറയുന്നു.

കേരള മുസ്‌ലിം ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവന

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയത് ഇസ്‌ലാമിക പ്രമാണങ്ങളിൽ അധിഷ്ഠിതമായ മതപരമായ മാർഗനിർദ്ദേശമാണ്. ഇസ്‌ലാമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ നിലപാടിനെ തെറ്റിദ്ധരിപ്പിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

സമകാലിക പൊതുജനപ്രീതിക്കോ വിമർശനങ്ങൾക്കോ വേണ്ടി ശരീഅത്ത് നിയമങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും മതനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശവും ആർക്കും നിഷേധിക്കാനാവില്ല. സമത്വം എന്നതിനേക്കാൾ ഇസ്‌ലാം പ്രാധാന്യം നൽകുന്നത് ലിംഗനീതിക്കാണ്. ശാരീരികവും മാനസികവുമായ പ്രകൃതിസഹജമായ സവിശേഷതകൾ മുൻനിർത്തി സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് ഇസ്‌ലാം നൽകിയിട്ടുള്ളത്. ഇത് പ്രകൃതിപരമായ നീതി നടപ്പാക്കലാണ്.

ഇത് പൊതുസമൂഹത്തിൽ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കലല്ല. ഇസ്‌ലാമിക വിശ്വാസപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു സമുദായത്തോടുള്ള മതപരമായ ഉപദേശവും മാർഗ്ഗനിർദ്ദേശവുമാണിത്. വസ്ത്രധാരണത്തിലും ഇടപഴകലുകളിലും സ്വകാര്യതയും നൈതികതയും കാത്തുസൂക്ഷിക്കുന്നത് ആത്മീയവും ധാർമ്മികവുമായ അവകാശമാണ്. ബഹുസ്വര സമൂഹത്തിൽ ഓരോ സമുദായത്തിനും സ്വന്തം ആചാരാനുഷ്ഠാനങ്ങളും വസ്ത്രധാരണ രീതികളും പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാനോ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാനോ സമസ്ത ശ്രമിച്ചിട്ടില്ല.

ഇസ്‌ലാം ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ല, മറിച്ച് അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സ്ത്രീകൾ അധ്യാപനം, വൈദ്യശാസ്ത്രം തുടങ്ങിയ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്നതിനോ മികച്ച വിദ്യാഭ്യാസം നേടുന്നതിനോ എതിർപ്പില്ല. എന്നാൽ, പഠനവും തൊഴിലും ധാർമ്മിക അതിരുകൾ ലംഘിക്കുന്നതിലേക്കോ, സ്ത്രീ എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കുന്നതിനോ തടസ്സമായി മാറരുത് എന്ന ജാഗ്രത മാത്രമാണ് മുന്നോട്ടുവെക്കുന്നത്. ഇത് സ്ത്രീകളെ താഴ്ത്തിക്കെട്ടാനല്ല, സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.

ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന രാഷ്ട്രീയവൽക്കരണങ്ങളിൽ നിന്നും അടിസ്ഥാനരഹിതമായ വിമർശനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് താഹാ സഖാഫി, ബി.എസ്. അബ്ദുള്ള കുഞ്ഞി ഫൈസി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, സി.പി. സൈതലവി മാസ്റ്റർ, മുസ്തഫ കോഡൂർ, എം.കെ. ഹാമിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എന്നെങ്കിലും സിപിഎം തെറ്റ് തിരുത്തിയിട്ടുണ്ടോ'; സിപിഎമ്മിന്റേത് അഹന്തയുടെ ഭാഷയെന്ന് ‌‌ടികെ ​ഗോവിന്ദൻ
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി കെ എ തുളസി