
കോഴിക്കോട്: അന്യായമായ പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും. കേരള മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സംഘടനകളായ കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും അവര്‍ കറുത്ത ബാഡ്ജ് ധരിച്ചാകും ഡ്യൂട്ടിക്ക് ഹാജരാകുന്നത്. രാവിലെ 11 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധര്‍ണ നടത്തും.
കഴിഞ്ഞ 9 ന് പ്രതിഷേധ ദിനം ആചരിച്ചെങ്കിലുംസര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചപോലും നടത്താതിരിക്കുന്ന സാഹചര്യത്തിലുമാണ് നാളെത്തെ പ്രതിഷേധമെന്ന് സംഘടനാ ഭാരവാഹികള്‍. ഗതാഗത വകുപ്പില്‍ പത്താം ക്ലാസ് മാത്രം അടിസ്ഥാന യോഗ്യത യോഗ്യത ആവശ്യമുള്ള ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് ടെക്‌നിക്കല്‍/എക്‌സിക്യുട്ടീവ് സ്വഭാവം മാത്രം ഉള്ള ജോയിന്റ് ആര്‍ ടി ഒ മാരായി പ്രൊമോഷനാവാമെന്ന വ്യവസ്ഥക്കെതിരെയാണ് പ്രതിഷേധം. യാതൊരു വിധ ശാരീരിക യോഗ്യതകളും ട്രെയിനിംഗും ഇല്ലാതെ ഡിവൈ.എസ്.പി റാങ്കില്‍ യൂണിഫോമും നക്ഷത്രവും ധരിച്ച് പ്രവര്‍ത്തിക്കാന്‍ നല്‍കുന്ന പ്രമോഷനെയാണ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് പോലും ഇല്ലാതെ ഇവര്‍ക്കും ആര്‍ടിഓ, ഡിടിസി, സീനിയര്‍ ഡിടിസി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നീ പോസ്റ്റ് വരെ എസ്എസ്എല്‍സി യോഗ്യതയില്‍ നിന്നും സ്ഥാനക്കയറ്റം ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam