
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27374 പുരുഷൻമാരും 30266 സ്ത്രീകളുമാണുള്ളത്.
941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിച്ചരുന്നു. കരട് പട്ടികയിൽ 1,31,78,517പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെൻഡുകളും കൂടി ആകെ 2,76,70,536 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
2020 ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക ഇതാദ്യമായാണ് പുതുക്കുന്നത്. മുൻകാലങ്ങളിൽ മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയാണ് പട്ടിക പുതുക്കിയത്.
അതേസമയം, വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകൾ പുതുക്കുന്നതിനുമുള്ള ഫോമുകളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേട്ടത്. 2022 ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷൻ (ഭേദഗതി) നിയമ പ്രകാരം റൂൾ 26 ബിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam