നിയമസഭ സമ്മേളനം ഇന്ന് മുതൽ, സ്വപ്ന, തൃക്കാക്കര, രാഹുലിന്റെ ഓഫീസ് ആക്രമം; എല്ലാം സഭയിലുന്നയിക്കാൻ പ്രതിപക്ഷം

Published : Jun 27, 2022, 06:12 AM ISTUpdated : Jun 27, 2022, 08:53 AM IST
 നിയമസഭ സമ്മേളനം ഇന്ന് മുതൽ, സ്വപ്ന, തൃക്കാക്കര, രാഹുലിന്റെ ഓഫീസ് ആക്രമം; എല്ലാം സഭയിലുന്നയിക്കാൻ പ്രതിപക്ഷം

Synopsis

രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങൾ വലിയ ചർച്ച ആകും. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം. രാവിലെ ചേരുന്ന പ്രതിപക്ഷ എംഎൽഎമാരുടെ യോഗം ചോദ്യോത്തര വേള മുതൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. സ്വർണ്ണകടത്തിലും തൃക്കാക്കര തോൽവിയിലും മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രധാനമാണ്. 

തൃക്കാക്കര തെരഞ്ഞെടുപ്പ് ജയം നൽകിയ വലിയ ആത്മവിശ്വാസത്തിൽ നിയമസഭയിലേക്ക് എത്തുന്ന പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം നൽകുന്നതാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. എസ്എഫ്ഐയുടെ കൈവിട്ട കളിയിൽ സര്‍ക്കാരാകട്ടെ കനത്ത പ്രതിരോധത്തിലാണ്. സമരത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന്  പ്രതിപക്ഷം ഉറപ്പിക്കുമ്പോൾ പ്രശ്നം ആദ്യ ദിവസം തന്നെ സഭാതലത്തിൽ കത്തിക്കയറുമെന്ന് ഉറപ്പാണ്. 

സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ്. തൃക്കാക്കരക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്താത്ത പിണറായി വിജയന് സ്വര്‍ണ്ണക്കടത്ത് ആക്ഷേപത്തിൽ എന്ത് പറയാനുണ്ടെന്ന് സഭാ സമ്മേളനത്തിൽ വ്യക്തമാകും. സിൽവര്‍ ലൈൻ മുതൽ ബഫര്‍ സോൺ വരെയുള്ള വിഷയങ്ങളിൽ സര്‍ക്കാര്‍ നിലപാടുകളിൽ നെല്ലും പതിരും തിരിയും വിധം ഇഴകീറിയ ചര്‍ച്ച നടക്കും. 

ലോക കേരളസഭാ വിവാദം , പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ്, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന തുടങ്ങി നിരയിലേക്ക് തൊടുക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങളേറെയാണ്.  പിടി തോമസിന്റെ വിയോഗ ശേഷം സഭയിലെത്തുന്ന ഉമാ തോമസും  സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാകും. ജൂലൈ 27 വരെ 23 ദിവസമാണ് ഷെഡ്യൂൾ. പ്രതിഷേധങ്ങളുടെ തീവ്രതയനുസരിച്ചിരിക്കും സമ്മേളന ദൈര്‍ഘ്യം കുറയാനും സാധ്യതയേറെ. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി
പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ