
കേരളത്തില്‍ സില്‍വര്‍ ലൈന്‍ (K Rail) നടപ്പിലാക്കുമെന്ന സിപിഎം (CPM) നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിർക്കും എന്നാല്‍ കേരളത്തില്‍ സില്‍വര്‍ ലൈന്‍ ഓടിക്കും എന്നതാണ് സിപിഎമ്മിന്‍റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു. മുബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍ മഹാരാഷ്ട്രയിലെ ലോക്കല്‍ കമ്മറ്റി മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എതിര്‍ക്കാനാണ് തീരുമാനിച്ചത്.
പക്ഷെ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാല്‍ നിലപാട് മാറി. പറയുമ്പോള്‍ മുതലാളിത്തത്തിന് എതിരാണ് പക്ഷേ കുത്തകകളുടെ തോളില്‍ കൈയ്യിടും. ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ജനങ്ങള്‍ക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാണ്‍ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കും. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്നു എന്നാല്‍ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ തീവ്രവാദിയായി ചാപ്പ കുത്തും എന്നാണ് സിപിഎം നിലപാടെന്നാണ് വിഡി സതീശന്‍റെ പരിഹാസം.
നിലപാടുകളിലെ ഇത്തരം വൈരുദ്ധ്യത്തെ പഴയ ട്വീറ്റുകളും പ്രസ്താവനകളും തിരിഞ്ഞു കുത്തുമെന്നും വി ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സിപിഎം നേതാക്കളുടെ ഈ വിഷയങ്ങളിലെ പഴയകാല പ്രതികരണങ്ങളുടെ ചിത്രം സഹിതമാണ് പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.
വി ഡി സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
മുബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങള്‍ എതിര്‍ക്കും. മഹാരാഷ്ട്രയിലെ ലോക്കല്‍ കമ്മറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ ) മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷെ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാല്‍ കാര്യം മാറി. ചര്‍ച്ചയില്ല പഠനമില്ല ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.. ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും. ഞങ്ങള്‍ ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാണ്‍ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കും. ഞങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്നഎ, ന്നാല്‍ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ തീവ്രവാദിയായി ചാപ്പ കുത്തും. ഇതിന്റെ മലയാളം പേരാണോ വൈരുധ്യാത്മക ഭൗതികവാദം? മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പാടില്ല. എന്നാല്‍ തിരുവനന്തപുരം കാസര്‍കോട് അതിവേഗ ട്രെയിന്‍ നടപ്പാക്കും. എന്തൊരു വിരോധാഭാസമാണിത്. പക്ഷേ അപ്പോഴും നിങ്ങളുടെ പഴയ കാല പ്രസ്താവനകളും ട്വീറ്റുകളും ചരിത്ര സത്യങ്ങളായി നിങ്ങളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നോര്‍ക്കണം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam