ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

By Web TeamFirst Published Sep 15, 2020, 6:22 AM IST
Highlights

 ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ഇന്നും പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങൾ അക്രമാസക്തമായിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചുള്ള പ്രകടനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുക്കുന്നതിനിടെ ജലീലിന് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി.

 ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹത്തിനെതിരെ നിരവധി പരാതികൾ അന്വേഷണ ഏജൻസികൾക്ക് പോയിരുന്നു. ഖുർ ആനുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടായത്. 

അതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അന്വേഷണ ഏജൻസി അദ്ദേഹത്തോട് ചോദിച്ചറിഞ്ഞുവെന്നാണ് അറിഞ്ഞത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങൾ അതിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെടേണ്ട, വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെയാണ് ജലീൽ. യുഎഇ കോൺസുലേറ്റ് ജനറൽ നേരിട്ടറിയിച്ചത് പ്രകാരമാണ് സഖാത്ത് വിതരണവും മതഗ്രന്ഥവും നടത്തിയത്. അത് എവിടെയും കുറ്റകരമായ കാര്യമല്ല. ഇതെല്ലാം അദ്ദേഹം തുറന്നു പറഞ്ഞതാണ്. വിഷയത്തിൽ ബന്ധപ്പെടേണ്ടതിലും കുറ്റം പറയാനാകില്ല.  

ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നു. ജലീലിനെ പാരിപ്പള്ളിയിൽ വാഹനം കയറ്റിയിട്ട് തടഞ്ഞത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങൾ ആഭാസമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 

click me!