ലൈഫിന് പിന്നാലെ പിണറായി സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം; മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവനപദ്ധതി

By Web TeamFirst Published Mar 2, 2020, 5:06 PM IST
Highlights

തിരുവനന്തപുരം ശംഖുമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. 2450 കോടി രൂപയുടേതാണ് പദ്ധതി. ഇതിൽ 1298 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചെലവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ വൻ വിജയപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനറെ അടുത്ത പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുനർഗേഹം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ നി‍ർമ്മാണോത്ഘാടനം ബുധനാഴ്ച നടക്കും.

തിരുവനന്തപുരം ശംഖുമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. 2450 കോടി രൂപയുടേതാണ് പദ്ധതി. ഇതിൽ 1298 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചെലവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലൈഫ് പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,173 വീടുകളിൽ 52,050 (96.08 %) വീടുകൾ ഇതിനകം നിർമ്മിച്ചു. ഈ ഘട്ടത്തിൽ ഓരോ ഗുണഭോക്താവിനും വീടുപൂർത്തിയാക്കാൻ  ആവശ്യമായ തുക നൽകിയാണ് നിർമ്മാണം നടത്തിയത്. ഒന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്.

ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 100460 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത് 92,213 പേരാണ്. ഇവരിൽ 74674 (80.97 %) ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തിയാക്കി. 

ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിർമ്മാണങ്ങൾക്കു പുറമെ ലൈഫ് -പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 79520 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 47144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് -പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17475 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 16640 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 5851.23 കോടി രൂപയാണ്. ലൈഫ് - പി എം എ വൈ (റൂറൽ) ക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ച 612.60 കോടി രൂപയും ലൈഫ് - പി എം എ വൈ (അർബൻ) ക്കായി ചെലവഴിച്ച 2263.63 കോടി രൂപയും ഇതിൽ ഉൾപ്പെടും.

അതേസമയം ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷ വിമർശനം ഒന്നുകൂടി കടുപ്പിച്ച് ഉമ്മൻചാണ്ടി രംഗത്തെത്തി. ലൈഫ് പദ്ധതിയില്‍ സർക്കാർ കണക്ക് യാഥാർഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദമെന്ന് മുൻ മുഖ്യമന്ത്രി വിമർശിച്ചു. 1,00,618 പേരെ മാത്രമാണ് വീടിന് അർഹതയുണ്ടെന്ന് സർവേയിൽ കണ്ടെത്തിയത്. രണ്ട് ലക്ഷം വീട് പൂർത്തിയായെന്ന അവകാശവാദം പിന്നെങ്ങനെ ശരിയാകുമെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. യുഡിഎഫ് കാലത്തെ വീടുകൾ കൂടി കൂട്ടിയാലും 1,40,000 വീടുകളെ വരൂവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

യുഡിഎഫ് കാലത്ത് ഉണ്ടാക്കിയതിനേക്കാള്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കൂ. അപ്പോള്‍ അതിനോട് സഹകരിക്കാം. അല്ലാതെ പൊള്ളയായ അവകാശവാദം വേണ്ട എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് എന്നും പബ്ലിസിറ്റിയുടെ കാര്യത്തില്‍ പിന്നിലായിരുന്നു. സര്‍ക്കാരിന്‍റെ ആഘോഷത്തെ യുഡിഎഫ് ഭയക്കുന്നില്ല. ജനം യാഥാര്‍ത്ഥ്യം മനസിലാക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

click me!