
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ തെരഞ്ഞെടുപ്പുകളുടെ ആരവങ്ങള്‍ ഉയരുകയാണ്. തുടര്‍ഭരണത്തിന് തുടര്‍ച്ചയാണ് ഇടതു മുന്നണി ലക്ഷ്യം. പത്തു വര്‍ഷം കൈവിട്ടു പോയ ഭരണം തിരിച്ചു പിടിക്കാൻ പ്രതിപക്ഷവും ഒരുങ്ങുന്നു. പതിവു കളികള്‍ മാറ്റി മറിക്കാൻ ബിജെപിയും കരുക്കള്‍ നീക്കിയതോടെ കേരള രാഷ്ട്രീയം കാൽ വയ്ക്കുന്നത് ആവേശകരമായ ഒരു വര്‍ഷത്തിലേയ്ക്കാണ്.
മോഹൻലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ പേര് കടമെടുത്താണ് അഞ്ചാം വര്‍ഷമാകും മുൻപേ സിപിഎം സാമൂഹ്യ മാധ്യമ പ്രചാരണം തുടങ്ങി. തുടര്‍ച്ചയായി മൂന്നാമതും ഇടതു സര്‍ക്കാര്‍ എന്നതാണ് സിപിഎം സമ്മേളനങ്ങളിലും നടന്ന പ്രധാന ചർച്ച. നവകേരളത്തിനായി പാര്‍ട്ടി പുതുവഴികള്‍ വെട്ടുന്നതും തുടര്‍ഭരണം ലക്ഷ്യമിട്ടാണ്.
എന്നാലും തൊഴിലാളികളെ മറന്ന് സ്വകാര്യ മൂലധനത്തിൽ കണ്ണുവച്ചാൽ എന്താകുമെന്ന ആശങ്കയോട് ഒറ്റയടിക്ക് കടക്ക് പുറത്തെന്ന് പറയാനും എൽഡിഎഫ് സർക്കാർ തയ്യാറല്ല. ഒന്നാം പിണറായി സര്‍ക്കാരിൽ എന്നപോലെ രണ്ടാം സര്‍ക്കാരിലെ മന്ത്രിമാര്‍ അത്ര പോരെന്ന വിമര്‍ശനമുണ്ട്. എന്നാൽ പാര്‍ട്ടിയുടെ നോട്ടത്തിൽ മുഖ്യമന്ത്രിയുടെ റേറ്റിങ് ഉയര്‍ന്നു തന്നെയാണ് നിൽക്കുന്നത്. ഒരു പരിധിയും വയ്ക്കാതെ അടുത്ത തെരഞ്ഞെടുപ്പിന്‍റെയും നായകനായി പിണറായിയെ നിയോഗിക്കുന്നതും ഈ വിശ്വാസത്തിലാണ്.
സംസ്ഥാനത്ത് ആദ്യം വരുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ്. ഇടതോട്ട് ചരിവെന്ന തദ്ദേശ വോട്ടു ചരിത്രം മാറ്റി സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് പരിശ്രമം. തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റുകളെ കോണ്‍ഗ്രസ് താക്കോൽ സ്ഥാനം ഏൽപിച്ചതും ഇതുകൊണ്ടാണ്. ചോര്‍ന്ന വോട്ടുകള്‍ തിരിച്ചു പിടിക്കാനും ഇനി ചോരാതിരിക്കാനും സാമുദായിക ചേരുവകള്‍ ശരിയാക്കിയുള്ള നേതൃനിരയെയാണ് രംഗത്തിറക്കിയത്. അപ്പുറം പോയ കക്ഷികളെ ഇപ്പുറമെത്തിക്കാമെന്ന പ്രതീക്ഷയും യുഡിഎഫിലുണ്ട്. തമ്മലടിയെന്ന ദുഷപ്പേര് മാറ്റലാണ് പ്രധാന ലക്ഷ്യം.
പ്രൊഫഷണലിനെ പ്രസിഡണ്ടാക്കി സാധാരണ പോരല്ല ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കുന്നു. തൃശൂർ മോഡലിൽ എന്തൊക്കെ ബിജെപി പിടിക്കുമെന്നത് നിർണ്ണായകം. എന്നാൽ ഗ്രൂപ്പിസമെന്ന തലവദന ബിജെപിയിൽ പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. ഇനി ഒരു വര്‍ഷം രാഷ്ട്രീയകേരളം കാണാൻ പോകുന്നത് അസാധാരണ പോരാട്ടമാണെന്നത് വ്യക്തമാക്കുന്നതാണ് ഇത്.
വിപുലമായ ആഘോഷം
രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വിപുലമായ ആഘോഷ പരിപാടികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചിൽ കേക്കു മുറിച്ച് അഞ്ചാം പിറന്നാൾ ആഘോഷിക്കും. രാവിലെ 9ന് ആണ് പരിപാടി. ഏപ്രിൽ 21ന് തുടങ്ങിയ ജില്ലാതല വാർഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും.
കരിദിനമായി ആചരിക്കാൻ യുഡിഎഫ്
പിണറായി സർക്കാറിന്റെ നാലാം വാർഷികം ഇന്ന് കരിദിനമായി യുഡിഎഫ് ആചരിക്കും. നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് പ്രതിഷേധം. പ്രധാന നേതാക്കൾ എല്ലാം മണ്ഡലങ്ങളിൽ കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമാകും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മലപ്പുറത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് തിരുവനന്തപുരത്തും കരിദിനാചരണത്തിന്റെ ഭാഗമായി പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam