
മൂഴിക്കുളം: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആംബുലൻസിൽ സംഭവ സ്ഥലത്തിൽ നിന്ന് കൊണ്ടുപോയി.
തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചിൽ തുടർന്നിരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തിൽ നൽകിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നൽകുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്.
ഇവർക്ക് കല്യാണിയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്. കുടുംബത്തിൽ പ്രശ്നമുണ്ടായിരുന്നതായി കല്യാണിയുടെ അമ്മ സന്ധ്യയുടെ ബന്ധുക്കൾ വിശദമാക്കി. എന്നാൽ കുഞ്ഞിനെതിരായ ക്രൂരത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. മരത്തടിയിൽ തട്ടി നിൽക്കുന്ന നിലയിലായിരുന്നു കല്യാണിയുടെ മൃതദേഹമുണ്ടായിരുന്നതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.
സാധാരണ ഗതിയിൽ പ്രതികൂല സാഹചര്യങ്ങളിൽ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചിൽ നടത്താറില്ലെങ്കിലും കാണാതായത് പിഞ്ചുകുഞ്ഞായതിനാൽ പൊലീസും നാട്ടുകാരും കനത്ത മഴയും ഇരുട്ടും അവഗണിച്ച് തെരച്ചിൽ തുടരുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam