പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോർ‍ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു

By Web TeamFirst Published Jul 28, 2021, 3:06 PM IST
Highlights

റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സയൻസ് വിദ്യാർത്ഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 

സർക്കാർ സ്കൂളുകളിൽ 85.02 ശതമാനം വിദ്യാർത്ഥികളും ജയിച്ചപ്പോൾ എയ്ഡഡ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളിൽ 87.67 ശതമാനമാണ് വിജയം. സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സർക്കാർ സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 

എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർത്ഥികൾ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 

പഠിച്ചു പരീക്ഷ എഴുതിയ കുട്ടികളെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ വി ശിവൻകുട്ടി കുട്ടികളുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള തമാശയും ട്രോളും നല്ലതല്ലെന്നും കൂട്ടിച്ചേർത്തു. പത്താം ക്ലാസ് ഫലം പുറത്ത് വിട്ടതിന് ശേഷമുള്ള സമൂഹമാധ്യമ പ്രതികരണങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. 

പ്ലസ് വൺ സീറ്റ് കൂട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റ് കൂട്ടും, തെക്കൻ ജില്ലകളിൽ 10 ശതമാനവും. 

പരീക്ഷ ഫലം വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങും. 

എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും..

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!