
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികളുമായി കേരള പോലീസ്. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്ന നിരവധി അക്കൗണ്ടുകളും യുആർഎല്ലുകളും ഇതിനകം തന്നെ നീക്കം ചെയ്തതായി സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയതുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണ്ണമായും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളുമായി പോലീസ് സഹകരിക്കുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഔദ്യോഗികമായി വ്യക്തത വരുത്തിയ കാര്യങ്ങളിൽ പോലും തെറ്റായ വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നത് ഗൗരവകരമായാണ് പൊലീസ് കാണുന്നത്.
ബോധപൂർവ്വം വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കും അത് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റും പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ വരുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ കേരള പോലീസിന്റെയോ ഔദ്യോഗിക പേജുകളെ മാത്രം ആശ്രയിക്കുക.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ ഇടങ്ങളിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണെന്ന് ഓർക്കുക. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് സൈബർ വിഭാഗം അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam