
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം നടത്തുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ പൊലീസ് രംഗത്ത്. വാര്‍ത്തകള്‍ വാസ്തവവിരുദ്ധവും തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വിവി പ്രമോദ് കുമാർ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞു..
കഴിഞ്ഞ 14 മാസത്തിനിടെ മൂന്ന് തവണയാണ് പദ്ധതിക്കുവേണ്ടി പോലീസ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതില്‍ രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രണ്ടു കമ്പനികള്‍ അപേക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരെ കൂടാതെ, ഐടി മിഷന്‍, സിഡാക്, നാറ്റ്പാക്, മോട്ടോര്‍ വാഹനവകുപ്പ് എന്നീ വകുപ്പുകളില്‍ നിന്ന് വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കിയാണ് ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. അവ പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ടെന്റർ തുറക്കുന്നത്. അതിനു ശേഷം മാത്രമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാകൂ. അത് ശുപാര്‍ശയായി സര്‍ക്കാരിന് നല്‍കും. സര്‍ക്കാർ തലത്തിലെ പരിശോധനക്കും വിലയിരുത്തലിനും ശേഷം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയാല്‍ മാത്രമേ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിന് നല്‍കിയെന്ന് പറയാനാകൂ. സാമ്പത്തിക പരിശോധന പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നല്‍കാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് സേന വ്യക്തമാക്കി.
വാഹനങ്ങളുടെ അമിതവേഗവും സിഗ്നല്‍ ലംഘനവും ഉള്‍പ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാര്‍ക്ക് ശിക്ഷനല്‍കാനും അതുവഴി നിരത്തുകളില്‍ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതി വിഭാവനം ചെയ്തത്. മറ്റ് പല സംസ്ഥാനങ്ങളിലും നിലവിലുള്ളതാണ് ഈ പദ്ധതിയെന്നും പൊലീസ് പുറത്തുവിട്ട പത്രക്കുറിപ്പിലുണ്ട്.
കേരളത്തിലെ റോഡുകളിൽ നടക്കുന്ന ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിക്കാനും അതിൽ ജനങ്ങളിൽ നിന്ന് പിഴയീടാക്കാനും ഒരു സ്വകാര്യ കമ്പനിക്ക് അനുവാദം നൽകുന്ന വിചിത്ര പദ്ധതി, സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തയ്യാറാകുന്നതായാണ് ചെന്നിത്തല ആരോപിച്ചത്. 180 കോടിയുടേതാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്‍റ് പദ്ധതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam