ഓര്‍മ്മ നഷ്ടപ്പെട്ട മുത്തശ്ശി സ്റ്റേഷന്‍ മാറിയിറങ്ങി; കണ്ടെത്തിയ കേരളാ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടി

By Web TeamFirst Published Jan 7, 2020, 7:32 PM IST
Highlights

"Hyponatremia" രോഗബാധിതയായ മുത്തശ്ശിക്ക് സോഡിയത്തിന്റെ കുറവ് മൂലം ഇടയ്ക്കിടെ ഓർമ്മക്കുറവ് വരാറുണ്ടായിരുന്നു. 

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ സ്റ്റേഷൻ മാറിയിറങ്ങിയ ഓർമ്മ നഷ്ടപ്പെട്ട മുത്തശ്ശിയെ കണ്ടെത്തിയ കേരളാ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടിയുടെ കത്ത്. യാലിനി എന്ന തമിഴ്നാട് സ്വദേശിനിയാണ് നന്ദിയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഗുരുവായൂർ എക്സ്പ്രെസ്സിൽ മധുരയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു യാലിനിയുടെ മുത്തശ്ശിയും കുടുംബവും. 

"Hyponatremia" രോഗബാധിതയായ മുത്തശ്ശിക്ക് സോഡിയത്തിന്റെ കുറവ് മൂലം ഇടയ്ക്കിടെ ഓർമ്മക്കുറവ് വരാറുണ്ടായിരുന്നു. മടക്കയാത്രയിൽ പുലർച്ചെ മൂന്ന് മണിയോടെ ഓർമ്മക്കുറവ് സംഭവിച്ച് മുത്തശ്ശി സ്റ്റേഷൻ മാറി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. യാലിനിയുടെ പിതാവാണ് അമ്മയെ കാണാനില്ലാത്ത വിവരം റയിൽവേ പൊലീസിനെ അറിയിച്ചത്.

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായിരുന്ന ഒരു ആട്ടോ ഡ്രൈവർ വിവരമറിയിച്ചതിനെത്തുടർന്ന് തമ്പാനൂർ പൊലീസ് മുത്തശ്ശിയെ സ്റ്റേഷനിൽ കൊണ്ടുപോയി വിവരങ്ങൾ തിരക്കിയെങ്കിലും കാര്യങ്ങൾ വ്യക്തമായിരുന്നില്ല. തുടർന്ന് ഓർമ്മശക്തി വീണ്ടെടുത്തപ്പോൾ വിവരങ്ങളും മേൽവിലാസവും ചോദിച്ചറിയുകയും അവരുടെ താമസ സ്ഥലത്തിനടുത്തുള്ള ആളഗനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയുമായിരുന്നു. സംഭവം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് കേരളാ പൊലീസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

click me!