
കേരളത്തിലെ റോഡുകൾ അമേരിക്കയിലെ റോഡുകളെക്കാൾ മികച്ചതെന്ന ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ അഭിപ്രായം പങ്കുവച്ച മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴേ പരിഹാസവും വിമർശനവും. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യദുലാൽ എന്ന യുവാവ് മരിച്ചത് അടുത്തിടെയാണ്. ഇപ്പോഴും കേരളത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥ വളരെ ദയനീയമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റെന്നാണ് ആളുകളുടെ അഭിപ്രായം.
ലോക കേരള സഭയുമായി ബന്ധപ്പെട്ട ചടങ്ങിലെ സൗഹൃദ സംഭാഷണത്തിനിടയിൽ കേരളത്തിലെ റോഡുകൾ വികസിത രാജ്യമായ അമേരിക്കയിലെ റോഡുകളെക്കാൾ മികച്ചതാണെന്ന് റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടതെന്നായിരുന്നു സുധാകരൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
"ലോക കേരള സഭയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഓസ്കാർ അവാർഡ് ജേതാവ് ശ്രീ റസൂല്‍ പൂക്കുട്ടിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയില്‍ കേരളത്തിലെ റോഡുകള്‍ വികസിത രാജ്യമായ അമേരിക്കയിലെ റോഡുകളെക്കാള്‍ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നു" എന്നായിരുന്നു സുധാകരന്റെ പോസ്റ്റ്.
ഈ പോസ്റ്റിന് താഴേയാണ് സൈബർ ഉപഭോക്താക്കൾ വിമർശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഒരു മയത്തിൽ ഒക്കെ തള്ള് സഖാവേ.. ഞങ്ങളും ഇതേ റോഡിൽ തന്നെയാണ് വണ്ടി ഓടിക്കുന്നത്..' എന്നിങ്ങനെയാണ് കമന്റുകൾ. വിവിധ ഇടങ്ങളിലെ പൊളിഞ്ഞു കിടക്കുന്ന റോഡുകളിലേക് പലരും മന്ത്രിയെയും പൂക്കുട്ടിയെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുന്നുണ്ട്.
'അതിന് വിമാനത്തിൽ യാത്ര ചെയ്യുന്ന പൂക്കുട്ടിക്കെങ്ങനെ കേരളത്തിലെ റോഡിന്റെ അവസ്ഥ അറിയാൻ കഴിയും' എന്നാണ് മറ്റുചിലർ കമന്റിട്ടിരിക്കുന്നത്. അമേരിക്കയെ കൊച്ചാക്കിയതാണോ മന്ത്രിയെ നൈസ് ആയി ട്രോളിയതാണോ എന്ന് വ്യക്തമാക്കണമെന്നും ചിലർ പറയുന്നുണ്ട്. ഒപ്പം പൊളിഞ്ഞ റോഡുകളുടെ നീണ്ട ലിസ്റ്റ് തന്നെ പോസ്റ്റിന് താഴേ ആളുകൾ നിരത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam