
തിരുവനന്തപുരം: ദില്ലി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേതെന്ന് പഠനം. കേരള പൊലീസാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിങ്ങനെ...
ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേതാണെന്ന് പഠന റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൊത്തം മികവില്‍ ഡല്‍ഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുണ്ട്.
ആള്‍ബലത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയും കേരളവും സമാസമം നില്‍ക്കുമ്പോള്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്. 1.03 ആണ് ഡല്‍ഹിയുടെ ഇന്‍ഡക്‌സ് പോയിന്റ്. കേരളത്തിന്റേത് 0.89ഉം. അതേസമയം ബജറ്റ് വിഹിതത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്. ലോക്‌നീതി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് ആന്‍ഡ് കോമണ്‍ കോസ് തയ്യാറാക്കിയ രാജ്യത്തെ പോലീസിംഗ് റിപ്പോര്‍ട്ടിലാണ് നിരീക്ഷണം.
2016 വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയര്‍ലെസ് ഫോണോ പോലുമില്ലാത്തെ 24 പോലീസ് സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഝാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഈ 24 സ്‌റ്റേഷനുകള്‍.
ഇത്തരം സൗകര്യങ്ങളില്‍ മുന്നിലുള്ള കേരളത്തില്‍ ഒരു പോലീസ് സ്‌റ്റേഷനില്‍ ശരാശരി ആറ് കംപ്യൂട്ടറെങ്കിലുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പല സ്റ്റേഷനുകളിലും ഇത് പത്ത് വരെയാണ്. വാഹനമില്ലാത്ത പോലീസ് സ്‌റ്റേഷനുകളും രാജ്യത്തുണ്ട്. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഇവ. ഇക്കാര്യത്തിലും കേരളം ഏറെ മുന്നിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam