കാലം മാറുമ്പോള്‍ പങ്കുവയ്ക്കല്‍ ഇടങ്ങള്‍ അന്യമാകുന്നു; ആശങ്ക പങ്കുവച്ച് സ്‌പേസസ് ഫെസ്റ്റ്

By Web TeamFirst Published Aug 29, 2019, 4:32 PM IST
Highlights

മുന്‍പെല്ലാം ഉത്സവസ്ഥലങ്ങളും പള്ളിപെരുന്നാളുമെല്ലാം ഒരു സാമൂഹിക ഇടമായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് അതൊരു പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുന്നുവെന്ന് എം  എ ബേബി

തിരുവനന്തപുരം: മാറുന്ന കാലത്ത് പങ്കുവയ്ക്കലിടങ്ങള്‍ അപ്രത്യക്ഷമാവുന്നതിന്‍റെ ആശങ്ക മറച്ചുവക്കാതെ സ്‌പേസസ് ഫെസ്റ്റ്. ചായക്കടകളിലും കള്ളുഷാപ്പുകളിലും വായനശാലകളിലും മാത്രമായിട്ടല്ലാതെ കടത്തുവള്ളങ്ങള്‍, കാളവണ്ടികള്‍ തുടങ്ങി വിവിധയിടങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്ന കാലത്ത് നിന്ന് മൊബൈല്‍ ഫോണിന്‍റെ സ്ക്രീനിലേക്കായി ചര്‍ച്ചകള്‍ ചുരുങ്ങുന്നു. 

എം എ ബേബി, ഇന്ദ്രന്‍സ്, അരിസ്റ്റോ സുരേഷ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ആദ്യ കാലങ്ങളില്‍ മോശം പ്രതിച്ഛായയുണ്ടായിരുന്ന കള്ള് ഷാപ്പുകള്‍ 1950 ഓടെ മാറ്റങ്ങള്‍ക്ക് വിധേയമായി. ഈ കാലഘട്ടത്തില്‍ ജനിച്ചു വളര്‍ന്നവരായ എം എ ബേബി, ഇന്ദ്രന്‍സ്, അരിസ്റ്റോ സുരേഷ് എന്നിവര്‍ പങ്കുവച്ച ഓര്‍മ്മകള്‍ കാണികള്‍ക്ക് പോയ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായി. മുന്‍പെല്ലാം ഉത്സവസ്ഥലങ്ങളും പള്ളിപെരുന്നാളുമെല്ലാം ഒരു സാമൂഹിക ഇടമായിരുന്നുവെന്ന് എം എ ബേബി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ അടുത്ത കാലത്ത് അതൊരു പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുന്നു എന്ന ആശങ്ക അദ്ദേഹം വേദിയില്‍ പങ്കുവെച്ചു.

ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പെയ്സസ് ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ അപ്രത്യക്ഷമാകുന്ന സ്ഥലം: പങ്കുവയ്ക്കലിടങ്ങള്‍; വായനശാല, ചായക്കട, ഷാപ്പ്' എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലായിരുന്നു എംഎ ബേബി അഭിപ്രായം പങ്കുവച്ചത്. 
 

click me!