Helicopter : 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; കേരള പൊലീസിനുള്ള ഹെലികോപ്റ്റർ വാടക കരാ‍‍ർ ചിപ്സൺ ഏവിയേഷന്

By Web TeamFirst Published Dec 14, 2021, 6:53 PM IST
Highlights

പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചിപ്സണ്‍ നൽകിയത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വ‍ർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്.

തിരുവനന്തപുരം: കേരള പൊലീസിനായുള്ള (Kerala Police) ഹെലികോപ്റ്റർ വാടക കരാ‍‍ർ (Helicopter) ദില്ലി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന് (Chipsan Aviation) . ഇന്ന് തുറന്ന സാമ്പത്തിക ബിഡിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണ് കരാ‍ർ നൽകാൻ ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാ‍ർശ ചെയ്യും. 

പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചിപ്സണ്‍ നൽകിയത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വ‍ർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്.

ടെണ്ടർ ഇല്ലാതെയാണ് ഒന്നാം പിണറായി സർക്കാർ പവൻ ഹൻസെന്ന കമ്പനിക്ക് ഹെലികോപ്റ്റർ വാടക കരാർ നൽകിയത്. പ്രതിമാസം പറക്കാൻ ഒരു കോടി നാൽപത് ലക്ഷവും നികുതിയുമാണ് നൽകിയത്. ഒരു വ‍ർഷത്തെ കരാർ പ്രകാരം 22.21 കോടിയാണ് സർക്കാർ പവൻ ഹൻസിന് നൽകിയത്. പുതിയ കരാറോടെ പവൻ ഹൻസിന് ടെണ്ടർ ഇല്ലാതെ കരാർ നൽകിയതുവഴി സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്ന് കൂടുതൽ വ്യക്തമാവുകയാണ്.

വിവാദമായ ഹെലികോപ്റ്റർ കരാ‌ർ

കൊവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിൻ്റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ദില്ലിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിൻ്റെ ഉപയോഗം നടന്നില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കും അവയവദാനത്തിനുമായി ചുരുക്കം ചില യാത്രകളൊഴിച്ചാൽ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോള്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റ‍‌ർ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാൽ മാവോയിസ്റ്റ് പരിശോധനയും നടന്നില്ല.  

22.21 കോടി വാടക ! 

11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിന്‍റെ വാടയായി സർക്കാരിന് ഒരു വർഷം നൽകേണ്ടിവന്നത് 22.21 കോടിയാണ്. ഇതിനെക്കാള്‍ കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ നൽകാമെന്നും ടെണ്ടർ വിളിക്കണമെന്നും ആവശ്യപ്പെട്ട് ചിപ്സണ്‍ ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനെ സമീപിച്ചുവെങ്കിലും എല്ലാം തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്ത പവൻ ഹൻസിന് വേണ്ടി ഇടപെട്ടതും വിവാദമയിരുന്നു. പക്ഷെ സർക്കാർ കരാറുമായി മുന്നോട്ടുപോയി. 

ഒരു പക്ഷെ അന്ന് ടെണ്ടർ വിളിച്ചിരുന്നുവെങ്കിൽ പവൻ ഹൻസിന് നൽകിയതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാ‍ർ ഉറപ്പിക്കാമായിരുന്നു.   കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടിയിലും വീണ്ടും ഹെലികോപ്റ്റർ ടെണ്ടർ വിളിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ആറു സീറ്റിൽ കൂടുതലുള്ള ഹെലികോപറ്ററുള്ള കമ്പനികളെയാണ് ടെണ്ടറിലേക്ക് കക്ഷണിച്ചത്. ഈ ടെണ്ടറിലും പവൻസ് ഹൻസിന് അനുകൂലമായ ടെണ്ടർ വ്യവസഥകള്‍ സർക്കാർ ഉൾപ്പെടുത്തി. ടെണ്ടറിലെ തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെ വിവാദ വ്യവസ്ഥകള്‍ സർക്കാർ മാറ്റി. പുതിയ ടെണ്ടറിലാകട്ടെ പവൻ ഹൻസ് പങ്കെടുത്തുമില്ല.

click me!