വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രമുപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്!

Published : Jul 03, 2023, 02:55 AM IST
വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രമുപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്!

Synopsis

വിദ്വേഷ പ്രചരണമുണ്ടായ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രം ഉപയോഗിച്ച് തയ്യാറാക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്.

കോട്ടയം: കാഞ്ഞിരപ്പളളിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രചരണ കേസില്‍ ആധികാരികത ഉറപ്പുവരുത്താതെ പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് വിമര്‍ശനം. ലുക്ക് ഔട്ട് നോട്ടീസിലുളള ചിത്രം പാകിസ്താന്‍ സ്വദേശിയുടേതാണോ അല്ലയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുമില്ല.

വിദ്വേഷ പ്രചരണമുണ്ടായ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രം ഉപയോഗിച്ച് തയ്യാറാക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. കാഞ്ഞിരപ്പളളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഒരു മാധ്യമ വാര്‍ത്തയ്ക്ക് താഴെ വര്‍ഗീയ ചുവയുളള പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ ജൂണ്‍ പതിനൊന്നിനാണ് അബ്ദുല്‍ ജലീല്‍ എന്നയാള്‍ക്കെതിരെ കാഞ്ഞിരപ്പളളി പൊലീസ് കേസെടുത്തത്. പുതുപ്പളളി സ്വദേശിയായ ശ്രീകുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
അബ്ദുള്‍ജലീല്‍ താഴേപ്പാലം എന്ന ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നാണ് വിവാദ പരാമര്‍ശമുളള പോസ്റ്റ് വന്നത്. ഈ ഐഡിയില്‍ നിന്ന് മലപ്പുറം തിരൂരിലുളള ഒരു മേല്‍വിലാസവും പൊലീസിന് കിട്ടിയിരുന്നു. തിരൂരില്‍ നടത്തിയ അന്വേഷണത്തില്‍ അബ്ദുള്‍ജലീല്‍ താഴേപ്പാലം എന്നയാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. 

ഇതോടെയാണ് ജൂണ്‍ 23ന് കാഞ്ഞിരപ്പളളി പൊലീസ് അബ്ദുള്‍ ജലീലിനെതിരെ ഒരു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഈ ലുക്ക് ഔട്ട് നോട്ടീസിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം. അബ്ദുള്‍ ജലീല്‍ താഴേപ്പാലം എന്നയാളെ കണ്ടെത്താനായി പൊലീസ് പുറത്തിറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസിലുളളത് പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് താരിഖ് മജീദാണെന്ന വിമര്‍ശനമാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്. പ്രതിയുടെ ഫോട്ടോയുടെ ആധികാരികത ഉറപ്പാക്കാതെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നാണ് വിമര്‍ശനത്തിന്‍റെ കാതല്‍. എന്നാല്‍ വിദ്വേഷ കമന്‍റ് ഇട്ട ഫെയ്സ്ബുക്ക് ഐഡിയില്‍ ഉണ്ടായിരുന്ന ചിത്രം ഉപയോഗിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് പൊലീസ് വാദിക്കുന്നു.

അത് പാകിസ്താന്‍ സ്വദേശിയുടേതാണോ അല്ലയോ എന്ന കാര്യത്തില്‍ പൊലീസിന് ഉറപ്പുമില്ല. നിയമപരമായി ചെയ്യാവുന്നത് മാത്രമേ ചെയ്തിട്ടുളളൂ എന്നും പൊലീസ് പറയുന്നു. ചിത്രത്തിലുളളത് പാകിസ്താന്‍ പൗരനാണെങ്കില്‍ അയാള്‍ പരാതിയുമായി വന്നാല്‍ അപ്പോള്‍ അക്കാര്യം നോക്കാമെന്ന നിലപാടിലുമാണ് പൊലീസ്. എന്തായാലും വിദ്വേഷ കമന്‍റ് വന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വ്യാജനെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ