ഡിജിപിയുടെ ചട്ടലംഘനത്തിന് കൂടുതൽ തെളിവുകൾ: ടെണ്ടറില്ലാതെ സ്പെക്ട്രം അനലൈസറും വാങ്ങി

By Web TeamFirst Published Feb 18, 2020, 1:58 PM IST
Highlights

ടെണ്ടർ ക്ഷണിക്കാതെ ബെംഗളുരു ആസ്ഥാനമായ കണ്‍വെർജന്‍റ് ടെക്നോളീസ് എന്ന സ്ഥാപനത്തിൽ നിന്നും 27,000,95 രൂപയ്ക്ക് ഡിജിപി സാധനങ്ങള്‍ വാങ്ങുകയായിരുന്നു. ടെണ്ടർ ക്ഷണിച്ചില്ലെന്ന് മാത്രമല്ല വേറെ സാധനങ്ങൾ വാങ്ങുന്നത് ആഭ്യന്തര വകുപ്പിനെ അറിയിച്ചതുമില്ല. 

തിരുവനന്തപുരം: ഡിജിപിയുടെ ചട്ട ലംഘനത്തിന് കൂടുതൽ തെളിവുകള്‍ പുറത്ത്. ബെംഗളുരു ആസ്ഥാനമായ കമ്പനിയിൽ നിന്നും ടെണ്ടറില്ലാതെ സ്പെക്ട്രം അനലൈസറും സിഗ്നൽ ഹണ്ടറും വാങ്ങിയതിന്‍റെ വിവരങ്ങൾ പുറത്ത് വന്നു. ഡിജിപിയുടെ നടപടിയെ സർക്കാർ പിന്നീട് ശരിവച്ച് ഉത്തരവിട്ട് സംരക്ഷിക്കുകയായിരുന്നു.

ദില്ലി ആസ്ഥാനമായ അഗ്‍മാടെൽ ഇന്ത്യ എന്ന സ്ഥാപനത്തിൽ നിന്നും ഇരുപത്തി ആറര ലക്ഷത്തോളം രൂപയ്ക്ക് (കൃത്യം 26,30,429 രൂപ) സ്പെക്ട്രം അനലൈസറും സിഗ്നൽ ഹണ്ടറും വാങ്ങാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. പക്ഷേ, കരാർ പ്രകാരം കമ്പനി സാധനങ്ങള്‍ കൈമാറിയില്ല.

പിന്നീടാണ് ടെണ്ടർ ക്ഷണിക്കാതെ ബംഗളുരു ആസ്ഥാനമായ കണ്‍വെർജൻറ് ടെക്നോളീസ് എന്ന സ്ഥാപനത്തിൽ നിന്നും 27 ലക്ഷത്തോളം (27,000,95 രൂപ) രൂപയ്ക്ക് ഡിജിപി സാധനങ്ങള്‍ വാങ്ങുകയായിരുന്നു. ടെണ്ടർ ക്ഷണിച്ചില്ലെന്ന് മാത്രമല്ല സർക്കാർ നേരത്തെ അനുമതി നൽകിയ സ്ഥാപനത്തിന് പകരമായി മറ്റൊരു സ്ഥാപനത്തിൽ നിന്നും സാധനം വാങ്ങുന്ന കാര്യം ആഭ്യന്തര വകുപ്പിനെ അറിയിച്ചതുമില്ല. 

സ്വകാര്യ സ്ഥാപനം ഉപകരണങ്ങള്‍ നൽകിയ ശേഷമാണ് പണത്തിനുവേണ്ടി ഡിജിപി സർക്കാരിന് കത്ത് നൽകിയത്. ഭാവിയിൽ സ്റ്റോർ പർച്ചേഴ്സ് മാനുവൽ പാലിക്കണമെന്ന താക്കീത് മാത്രം നൽകി ഡിജിപിയുടെ ഈ നടപടിയെയും സർക്കാർ സാധൂകരിച്ചു.

click me!