അനധികൃത ഡ്രോണുകളെ പൂട്ടാൻ ഓപ്പറേഷൻ ഉഡാൻ ; കർശന നടപടികളുമായി പൊലീസ്

Published : Mar 26, 2019, 12:53 PM IST
അനധികൃത ഡ്രോണുകളെ പൂട്ടാൻ ഓപ്പറേഷൻ ഉഡാൻ ; കർശന നടപടികളുമായി പൊലീസ്

Synopsis

സംസ്ഥാനത്തെ ഡ്രോൺ ക്യാമറകൾക്ക് ലൈസൻസ് നിർബന്ധമാക്കും. നാനോ ഡ്രോണുകൾ കൈവശം വയ്ക്കുന്നന്നവരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കും. ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഡ്രോണുകൾക്ക് പൂട്ടിടാൻ കർശനനടപടിയുമായി പൊലീസ്. അനധികൃത ഡ്രോണുകളെ കണ്ടെത്താനും നടപടിയെടുക്കാനുമായി ഓപ്പറേഷൻ ഉഡാൻ എന്ന പേരിൽ പൊലീസ് പ്രത്യേക കർമ്മപദ്ധതി ആരംഭിക്കും. പൊലീസ് ആസ്ഥാനത്തും കോവളത്ത് തീരദേശമേഖലയിലും അനധികൃത ഡ്രോണുകൾ നിരീക്ഷണം നടത്തിയതായി കണ്ടെത്തിയതോടെയാണ് പൊലീസ് ക‍ർശന നടപടി ആരംഭിച്ചത്. 

ലൈസൻസ് വേണ്ടാത്ത ചൈനീസ് ഡ്രോണുകൾക്ക് വേണ്ടി സംസ്ഥാനവ്യാപകമായി പരിശോധനയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഐജി അശോക് യാദവിന്‍റെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്‍ധരെ ഉൾപ്പെടുത്തിയുള്ള വിശദമായ അന്വേഷണവും പരിശോധനയും നടക്കും. സംസ്ഥാനത്തെ ഡ്രോൺ ക്യാമറകൾക്ക് ലൈസൻസ് നിർബന്ധമാക്കും.

ഡ്രോൺ ഉടമകളെയും ഓപ്പറേറ്റർമാരെയും പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ച് പരിശോധന നടത്തുമെന്ന് അന്വേഷണ ചുമതലയുള്ള ഐജി അശോക് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 250 ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കും. ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കും.

അതേസമയം. തീരദേശ റെയിൽവേ പാതക്ക് സർവ്വേ തയ്യാറാക്കാൻ വന്ന സംഘമാണ് തിരുവനന്തപുരത്തെ തീരദേശത്ത് ഡ്രോൺ പറത്തിയതെന്ന് വ്യക്തമായി. തമിഴ്നാട്ടിൽ നിന്ന് ഇതിനായി എത്തിയ ഏജൻസിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രോൺ പറത്തലിന് പിന്നിൽ ഇവരാണെന്ന് മനസ്സിലായത്. ഡ്രോൺ പറത്താൻ ഏജൻസി അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

തീരദേശ റെയിൽ പാതയ്ക്ക് വേണ്ടി നടത്തിയ സർവേയ്ക്ക് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നാണ് ഉദ്യോഗസ്ഥർ പൊലീസിനോട് പറയുന്നത്. 21 - ന് രാത്രി വിഎസ്‍എസ്‍സിയുടെ മുകളിലൂടെയും തുമ്പ തീരദേശമേഖലയിലുമുള്ള അതീവസുരക്ഷാ മേഖലകളിൽ ഡ്രോൺ പറത്തിയത് രാത്രി പട്രോളിംഗ് നടത്തിയിരുന്ന പൊലീസുകാരാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി പൊലീസ് ആസ്ഥാനത്തിന്‍റെ മുകളിലൂടെ പറന്നത് അധിക ദൂരം പോകാത്ത ചെറിയ ഡ്രോൺ ആണ്. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിന്‍റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നി‍ർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്‍റലിജൻസും തീരുമാനിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വിസി; തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ; സ്വാഭാവിക നടപടിയെന്ന് സർവകലാശാല, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ
ആദിത്യയ്ക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് കിട്ടിയത് നാട്ടിലെ വിലകുറഞ്ഞ വാച്ച്; ചാറ്റുകളെല്ലാം മായ്ച്ചു, ദുരൂഹതയുണ്ടെന്ന് അധ്യാപകർ