വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ വൈദ്യുതി വിതരണ, ഉൽപ്പാദന, പ്രസരണ പ്രശ്നങ്ങൾ പരിഹരിക്കാൻ അവലോകനയോഗം ചേർന്നു. വൈദ്യുതി തടസ്സം, ദുരുപയോഗം, സ്ട്രീറ്റ് ലൈറ്റ്, സോളാർ, ട്രാൻസ്ഫോർമർ തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. 

കൊച്ചി: വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി പരിസ്ഥിതി പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വൈദ്യതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും വൈദ്യുതി വിതരണ, ഉൽപ്പാദന, പ്രസരണ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. പകൽ സമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നതായി പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ, വൈദ്യുതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ യോഗത്തിൽ നിർദ്ദേശിച്ചു. ദുരുപയോഗങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഉദ്യോഗസ്ഥർ കൂടുതൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാൻ കെഎസ്ഇബി ഓഫീസുകൾ കൂടുതൽ ജാഗ്രത പുലർത്തണം. മഴ തുടങ്ങിയതോടെ മരം വീണും പോസ്റ്റുകൾ ഒടിഞ്ഞും ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ എത്രയും വേഗം പരിഹരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. വൈദ്യുത രംഗത്ത് വലിയ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആരും അതിന്‍റെ ഇരകളാകാൻ പാടില്ലെന്നതാണ് സർക്കാരിന്‍റെ നയം. അർഹമായ നഷ്ടപരിഹാരം നൽകി, ജനങ്ങളുടെ സഹകരണത്തോടും ചർച്ചകളിലൂടെയും മാത്രമേ വികസനവുമായി മുന്നോട്ട് പോകൂ എന്ന് മന്ത്രി വ്യക്തമാക്കി.

കണ്ടെയ്നർ ടെർമിനൽ റോഡിലെ സ്ട്രീറ്റ് ലൈറ്റിംഗ് പദ്ധതി അനിശ്ചിതത്വത്തിലാണ്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർപോർട്ട് കണക്റ്റിവിറ്റി റോഡുകളിലൊന്നായ ഈ റൂട്ടിൽ വെളിച്ചമില്ലാത്തത് മൂലം രൂക്ഷമായ അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അവലോകന യോഗത്തിൽ പങ്കെടുത്ത് ഹൈബി ഈഡൻ എം പി പറഞ്ഞു. മൂലമ്പള്ളി, കടമക്കുടി, ചേരാനല്ലൂർ, ഏലൂർ മുൻസിപ്പാലിറ്റി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കാത്തത് വലിയ സുരക്ഷാ ഭീഷണിയാണ് ഉണ്ടാക്കുന്നത് . സ്ട്രീറ്റ് മെയിൻ ലൈൻ വലിക്കുന്നതിന് എംഎൽഎ. ഫണ്ട് വിനിയോഗിക്കാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും, ഇതിൽ ആവശ്യമായ ഭേദഗതി വരുത്തണം. തുടങ്ങിയ വിഷയങ്ങൾ എം പി യോഗത്തിന്‍റെ ശ്രദ്ധയിൽ പെടുത്തി.

റോഡുകളിലും ഇലക്ട്രിസിറ്റി പോസ്റ്റുകളിലും കേബിളുകൾ വലിച്ചുവാരി ഇട്ടിരിക്കുന്നത് വലിയൊരു പ്രശ്നമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ യാതൊരു നിയന്ത്രണവുമില്ല. കെഎസ്ഇബി പോസ്റ്റുകളിൽ പണം വാങ്ങി കേബിൾ ഇടാൻ അനുവദിക്കുമ്പോൾ, ഇത് ആരൊക്കെയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് അറിവില്ല. എന്നാൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇതിന്റെ ബാധ്യത മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കാണ് വരുന്നതെന്ന് കൊച്ചി മേയർ വി കെ മിനിമോൾ പറഞ്ഞു.

ട്രാൻസ്ഫോർമർ അപര്യാപ്തതയും സോളാർ പ്രതിസന്ധിയും അടിയന്തിരമായി പരിഹരിക്കണം. ഹരിത ഊർജ്ജ മാറ്റത്തിന്റെ ഭാഗമായി വീടുകളിൽ സോളാർ പാനലുകൾ (5 കെവി വരെ) സ്ഥാപിച്ച ഉപഭോക്താക്കളും ഇപ്പോൾ പ്രതി സന്ധിയിലാണ്. ട്രാൻസ്ഫോർമറുകൾക്ക് കപ്പാസിറ്റിയില്ലെന്ന കാരണത്താൽ സോളാർ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായി ജനറേറ്റ് ചെയ്യാനോ സ്റ്റോർ ചെയ്യാനോ സാധിക്കുന്നില്ല ഈ അവസ്ഥ പരിഹരിക്കണം .

സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ വ്യക്തത വരുത്തണം. എറണാകുളം നഗരസഭയിലെ സബ്സ്റ്റേഷനുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണം. മൂവാറ്റുപുഴ ആറിലെ വെള്ളപ്പൊക്കം നിയന്ത്രണത്തിനായി ഒരു റൂൾകർവ് തീരുമാനിക്കണം. കുട്ടമ്പുഴ കേന്ദ്രീകരിച്ച് പുതിയൊരു സെക്ഷൻ ഓഫീസ് ആരംഭിക്കുന്നത് ഈ മേഖലയിലെ 17 ഓളം ഉന്നതികളിലേക്ക് വൈദ്യുതി എത്തിക്കാൻ സഹായിക്കും. കൂടാതെ ഇഞ്ചത്തൊട്ടി അടക്കമുള്ള പ്രദേശങ്ങളിൽ പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുകയും വേണം. കെഎസ്ഇബിയിൽ കടുത്ത സ്റ്റാഫ് ക്ഷാമം അടിയന്തരമായി പരിഹരിക്കണം.കോതമംഗലം നിയോജകമണ്ഡലത്തിലെ സ്വപ്ന പദ്ധതിയായ ഭൂതത്താൻ കെട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട പ്രശ്‌നങ്ങൾ പരിഹരിക്കണം. തുടങ്ങി വിവിധ പ്രശ്‌നങ്ങളും ആശങ്കകളും യോഗത്തിൽ ചർച്ച ചെയ്തു.