
കൊച്ചി: പെണ്‍സുഹൃത്ത് തള്ളിപ്പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറിയ 25കാരനെ സാഹസികമായി രക്ഷിച്ച് പൊലീസ്. കോഴിക്കോട് സ്വദേശിയാണ് മുളംതുരുത്തിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കയറിയത്. ആമ്പല്ലൂരുകാരിയായ പെണ്‍സുഹൃത്തിന്‍റ വീട്ടില്‍ എത്തിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവം. 25കാരനെ മുളംതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തിയ ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസര്‍ രജീഷ് പറയുന്നത് ഇങ്ങനെ.
മൂന്ന് ദിവസം മുൻപാണ് യുവാവ് പെണ്‍സുഹൃത്തിനെ കാണാൻ വിദേശത്ത് നിന്ന് എത്തിയത്. നീണ്ടകാലത്തെ പ്രണയമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നത്. എന്നാൽ പിന്നീടത് ബ്രേക്ക് അപ്പിലേക്കെത്തി. ഇയാള്‍ പെണ്‍കുട്ടിയെ നേരിട്ട കണ്ട് സംസാരിച്ചിരുന്നു. ബന്ധവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. തുടര്‍ന്നുണ്ടായ ചെറിയ പ്രശ്നങ്ങളെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇയാള്‍ കോഴിക്കോടേയ്ക്ക് തിരിച്ചുപോകുകയും ചെയ്തു. ഇന്ന് യുവാവ് വീണ്ടും പെണ്‍കുട്ടിയെ കാണാനെത്തുകയും തിരികെ പോകുകയും ചെയ്തു. പെണ്‍കുട്ടി പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യം കിട്ടിയില്ല. പിന്നീട് ഫോണെടുത്ത യുവാവ് ജീവിതം മടുത്തെന്നും മരണമാണ് വഴിയെന്നും പറഞ്ഞു. സംസാരിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിലാണ് നിൽക്കുന്നതെന്ന് മനസിലാക്കി. പിന്നീട് സ്റ്റേഷനിൽ വിവരമറിയിച്ചു. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടില്ല. പിന്നീട് മറ്റൊരു സ്ഥലത്ത് ട്രാക്കിന് നടുവിൽ കയറി നിൽക്കുന്നത് കണ്ടു. ട്രെയിൻ വരാൻ സമയമായിരുന്നു. ഞങ്ങളെല്ലാം ചേര്‍ന്ന് ബലമായി അവനെ പിടിച്ചുമാറ്റി. സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. അവരെത്തിയിട്ട് വീട്ടിലേക്ക് വിടാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam