
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് പൊലീസ് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.
ഹൈവേ പട്രോൾ വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്കും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കുമായിരിക്കും ഇതിന്‍റെ ചുമതല. സംവിധാനത്തിന്‍റെ വിജയകരമായ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിതാ അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയോഗിച്ചു.
ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പൊലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പൊലീസ് സ്റ്റേഷന്‍റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകള്‍ മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം.
ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പൊലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam