
കൊച്ചി: പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ മറന്ന് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനിക്ക് രക്ഷകരായി എളമക്കര പോലീസ്. എളമക്കര പുന്നക്കൽ ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിലെത്തിയ വൈപ്പിൻ സ്വദേശിനി സന ജോസ് എന്ന പെൺകുട്ടിക്കാണ് പോലീസിന്റെ സമയോചിതമായ ഇടപെടൽ തുണയായത്. ഞായറാഴ്ച നടന്ന പരീക്ഷയ്ക്ക് എത്തിയ സനയുടെ പക്കൽ ഫോട്ടോ ഇല്ലെന്ന വിവരം ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ ചിഞ്ചു, അശ്വതി എന്നിവരാണ് ശ്രദ്ധിക്കുന്നത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു വീട്ടിലേക്ക് തിരികെ പോയതിനാലും, പരീക്ഷാ ഹാളിൽ കയറേണ്ട സമയം അടുത്തതിനാലും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുകയായിരുന്നു സന.
ഞായറാഴ്ചയായതിനാൽ പരിസരത്തെ സ്റ്റുഡിയോകളെല്ലാം അവധിയായിരുന്നു. സമയം ഉച്ചയ്ക്ക് ഒരു മണിയോടടുത്തതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ലാലു ജോസഫ് ഉടൻ തന്നെ ഇടപെട്ടു. ദേശാഭിമാനി ജംഗ്ഷനിലുള്ള 'സീയോൻ' സ്റ്റുഡിയോ ഉടമ ബിനുവിനെ അദ്ദേഹം ഫോണിൽ വിളിച്ച് കാര്യത്തിന്റെ ഗൗരവം ധരിപ്പിച്ചു. സന്ദേശം ലഭിച്ചയുടൻ ബിനു വീട്ടിൽ നിന്നും ഓടിയെത്തി സ്റ്റുഡിയോ തുറന്ന് ആവശ്യമായ പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ പ്രിന്റ് ചെയ്ത് നൽകി. സ്റ്റുഡിയോയിലേക്ക് ഇതിനായി നിയോഗിക്കപ്പെട്ട സി.പി.ഒ മഹേഷ് ഉടൻ തന്നെ ഫോട്ടോയുമായി സ്കൂളിലേക്ക് തിരിച്ചെത്തുകയും സനയ്ക്ക് കൈമാറുകയും ചെയ്തു. പോലീസിന്റെയും സ്റ്റുഡിയോ ഉടമയുടെയും വേഗതയേറിയ ഇടപെടൽ മൂലം സനയ്ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ ഹാളിൽ പ്രവേശിച്ച് നീറ്റ് പരീക്ഷ എഴുതാൻ സാധിച്ചു. കുട്ടിയുടെ ഭാവി കാത്ത എളമക്കര പോലീസിന്റെ ഈ നന്മ നിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയയും നാട്ടുകാരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam