
കൊച്ചി: രാജ്യമാകെ പടരാൻ കേരളത്തിന്‍റെ അഭിമാനമായ വാട്ടർ മെട്രോ. വാട്ടർ മെട്രോ മാതൃക രാജ്യവ്യാപകമാക്കാൻ കെ എം ആർ എൽ സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു. രാജ്യത്തെ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 കേന്ദ്രങ്ങളിലാണ് വാട്ടർ മെട്രോ സാധ്യത പഠനം നടത്തിയത്. കേരളത്തിൽ ആലപ്പുഴയും കൊല്ലത്തും വാട്ടർ മെട്രോയ്ക്ക് സാധ്യതയെന്ന് പഠനം പറയുന്നു. ആലപ്പുഴയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് പ്രധാന റൂട്ടുകൾ പഠന വിധേയമാക്കി. ആകെ 87.77 കിലോമീറ്റർ നീളമുള്ള ജലപാതയിൽ 61 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൊല്ലത്ത് വാട്ടർ മെട്രോ പദ്ധതിക്കായി ഏകദേശം 34.85 കിലോമീറ്റർ നീളമുള്ള ജലപാതകളിൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വിലയിരുത്തുന്നത്.
അതേസമയം ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനാകുമോ എന്ന കാര്യത്തിൽ കെ എം ആർ എൽ നേരത്തെ പഠനം തുടങ്ങിയിട്ടുണ്ട്. സമഗ്ര സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ട്രാഫിക് സ്റ്റഡി നടത്തുന്നത്. ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് വിമാനത്താവളത്തിലേക്കാണ് വാട്ടർ മെട്രോ പരിഗണിക്കുന്നത്. ട്രാഫിക് പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ട് വിലയിരുത്തിയ ശേഷമേ ആലുവ - എയർപോർട്ട് റൂട്ടിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ. ബോട്ട് സർവീസ് നടത്താൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ, യാത്രക്കാരുടെ പ്രതീക്ഷിത എണ്ണം എത്ര എന്നത് ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിശോധിക്കും. ആലുവയിൽ നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്കുള്ള ദൂരം ഏകദേശം എട്ട് കിലോമീറ്ററാണ്. പദ്ധതി യാഥാർത്ഥ്യമായാൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന വിലയിരുത്തലുണ്ട്. വാട്ടർ മെട്രോയ്ക്കായി വിവിധ റൂട്ടുകൾ മുൻപേ നിർദേശിച്ചിട്ടുണ്ട്. അതിലൊന്നാണ് ആലുവ - എയർപോർട്ട് കണക്ഷൻ. കൊച്ചി മെട്രോയുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാർഗമായി ഇതിനെ കാണുന്നു. പദ്ധതി നടപ്പായാൽ വിവിധ ഗതാഗത സംവിധാനങ്ങൾ ഒന്നിക്കുന്ന ട്രാൻസിറ്റ് ഹബ്ബായി വിമാനത്താവളം മാറാനിടയുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ അന്തിമ തീരുമാനം സാധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam